അമേരിക്കയിൽ ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം: ഒഹായോയിലെ സ്വാമിനാരായൺ ക്ഷേത്രത്തിന് നേർക്ക് കല്ലേറ് | Hindu Temple Attacked

Current: മലയാളം

വാഷിംഗ്ടൺ: അമേരിക്കയിലെ ഒഹായോയിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ഹൈന്ദവ ക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. റിച്ച്മണ്ട് ഹൈറ്റ്‌സിലെ ശ്രീ സ്വാമിനാരായൺ വഡ്താൽ ധാം ക്ഷേത്രത്തിന് നേരെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30-ഓടെ ആക്രമണമുണ്ടായത്. ആക്രമികൾ ക്ഷേത്രത്തിന് നേരെ ഇഷ്ടികകളും കല്ലുകളും എറിയുകയും കെട്ടിടത്തിന്റെ ജാലകങ്ങൾ തകർക്കുകയും ചെയ്തു.(Hindu Temple Attacked With Bricks In Ohio USA Devotees Present Inside)
സംഭവം നടക്കുമ്പോൾ പൂജാരിമാരും നിരവധി ഭക്തരും ക്ഷേത്രത്തിനുള്ളിൽ പ്രാർത്ഥനയിലായിരുന്നുവെന്ന് കോയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (CoHNA) അറിയിച്ചു. ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസും അന്വേഷണ സംഘവും പരിശോധിച്ചുവരികയാണ്. എഫ്.ബി.ഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ വിവരമറിയിച്ചിട്ടുണ്ടെന്നും ക്ഷേത്ര ഭാരവാഹികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ വ്യക്തമാക്കി.
ഹൈന്ദവ സമൂഹത്തിന് നേരെ നടക്കുന്ന ആസൂത്രിതമായ വിദ്വേഷ അക്രമത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നതായി സംഘടനകൾ ആരോപിച്ചു. സംഭവം വിദ്വേഷ കുറ്റകൃത്യമായി പരിഗണിച്ച് കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രാദേശിക ഭരണകൂടത്തോടും ജനപ്രതിനിധികളോടും സംഘടനകൾ ആവശ്യപ്പെട്ടു. ഒക്ടോബറിൽ യു.എസിലുടനീളം ‘ഹിന്ദു ഹെറിറ്റേജ് മന്ത്’ ആചരിക്കാനും നവരാത്രി ആഘോഷങ്ങൾ ആരംഭിക്കാനും ഇരിക്കെയാണ് ഈ അക്രമം നടന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി കാലിഫോർണിയയിലും ന്യൂയോർക്കിലും ഉൾപ്പെടെ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെ സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Story Summary
A Hindu temple, the Shree Swaminarayan Vadtal Dham Mandir in Richmond Heights, Ohio, was attacked with bricks on Friday afternoon, damaging the building while devotees and priests were inside. Hindu American advocacy groups have condemned the incident as a potential hate crime and urged local authorities and the FBI to initiate a swift investigation.




