അമേരിക്കയുടെ അയര്‍ലണ്ട് പ്രേമത്തില്‍ ഇടിവ്, അമേരിക്കന്‍ വിനോദസഞ്ചാരികളുടെ കുറവ് ടൂറിസം മേഖലയില്‍ പുതിയ പ്രതിസന്ധിക്ക് വഴിതുറക്കുന്നു

Current: മലയാളം

ഡബ്ലിന്‍,: അമേരിക്കയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ കുറവ് ടൂറിസം മേഖലയില്‍ പുതിയ പ്രതിസന്ധിക്ക് വഴിതുറക്കുന്നു.മൊത്തം സന്ദര്‍ശകരില്‍ വര്‍ദ്ധനവുണ്ടായെങ്കിലും കഴിഞ്ഞ രണ്ടു മാസമായി വന്ന നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവാണ് വലിയ പ്രശ്നമായി ഐറിഷ് ടൂറിസം ഇന്‍ഡസ്ട്രി കോണ്‍ഫെഡറേഷന്‍ (ഐ ടി ഐ സി) ചൂണ്ടിക്കാട്ടുന്നത്.
ഉയര്‍ന്ന ചെലവുകള്‍, താമസസൗകര്യങ്ങളുടെ ലഭ്യത എന്നിവയാണ് രാജ്യത്തെ ടൂറിസം മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും സംഘടന വെളിപ്പെടുത്തുന്നു.
ഈ സാഹചര്യം നേരിടാന്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് 9% വാറ്റ് നിരക്ക് ബാധകമാക്കുക എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ സംഘടന സര്‍ക്കാരിന് മുന്നില്‍വെയ്ക്കുന്നു.രാജ്യത്താകെ പട്ടണങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇത് സഹായിക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരെ അപേക്ഷിച്ച് അമേരിക്കയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ കൂടുതല്‍ കാലം ഇവിടെ തങ്ങി കൂടുതല്‍ പണം ചെലവഴിക്കുന്നവരാണ്. അതിനാല്‍, നോര്‍ത്ത് അമേരിക്ക അയര്‍ലണ്ടിന്റെ പ്രധാന ടൂറിസം വിപണിയാണ്.
കഴിഞ്ഞ ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ വര്‍ഷം ഓഗസ്റ്റ് മാത്തില്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ മൂന്നു ശതമാനം കുറവുണ്ടായതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ ഈ മേഖലയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ ചെലവിലും 3% കുറവുണ്ടായി (262 മില്യണ്‍യൂറോ).
കൂടുതല്‍ താമസസൗകര്യങ്ങള്‍ വേണ്ടേ….
ഹ്രസ്വകാല വാടകയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും കൂടുതല്‍ താമസസൗകര്യങ്ങള്‍ – പ്രത്യേകിച്ച് പ്രാദേശിക മേഖലകളില്‍ ഒരുക്കണമെന്ന് ടൂറിസം സംഘടനകള്‍ ആവശ്യപ്പെടുന്നു.
എല്ലാ മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ടൂറിസം മേഖലയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് (എസ് എം ഇ) പരിശീലനവും നൈപുണ്യ വികസനവും നല്‍കുന്നതിന് ഒരു ടൂറിസം അക്കാദമി സ്ഥാപിക്കാന്‍ ഓപ്പണ്‍ എഐയുമായി സഹകരിക്കുമെന്ന് ഐ ടി ഐ സി പ്രഖ്യാപിച്ചു.
രാജ്യത്തേക്കുള്ള മൊത്തം സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും, നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ളവരുടെ എണ്ണത്തിലുണ്ടായ കുറവ് വ്യവസായ മേഖലയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് ചീഫ് എക്സിക്യൂട്ടീവ് ഇയോഘന്‍ ഒ’മാര വാല്‍ഷ് അറിയിച്ചു.
9% വാറ്റ് നിരക്ക് ടൂറിസം ബിസിനസുകള്‍ക്കാകെ ബാധകമാക്കണം.
ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് നിലവിലുള്ള 9% വാറ്റ് നിരക്ക് മറ്റ് ടൂറിസം ബിസിനസുകള്‍ക്കും ബാധകമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.യു എസ് വിപണിയില്‍ എന്തെങ്കിലും വിധത്തിലുള്ള തിരിച്ചടിയുണ്ടായാല്‍ ഐറിഷ് ടൂറിസം മേഖലയ്ക്ക് അത് വലിയ പ്രശ്നമാകുമെന്ന് ഒ മാര വാല്‍ഷ് ചൂണ്ടിക്കാട്ടുന്നു.
വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവിന് വിവിധ ഘടകങ്ങള്‍ കാരണമാകുന്നുണ്ട്.അതിനാല്‍ അടുത്ത ആഴ്ച അവതരിപ്പിക്കുന്ന ബജറ്റില്‍ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളും സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള പദ്ധതികളും ഉള്‍പ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്നവ ചെയ്യണം
നിയന്ത്രിക്കാന്‍ കഴിയാത്ത ബാഹ്യഘടകങ്ങള്‍ തീര്‍ച്ചയായുമുണ്ട്. എന്നാല്‍ നമുക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ചിലതുണ്ട്.ബിസിനസ്സ് ചെലവുകള്‍, മത്സരശേഷി, വിദേശത്ത് അയര്‍ലണ്ടിനെ മികച്ച രീതിയില്‍ അവതരിപ്പിക്കല്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ക്യാമ്പിംഗ് സൈറ്റുകള്‍, അഡ്വഞ്ചര്‍ ടൂറിസം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് 9 ശതമാനം വാറ്റ് നിരക്ക് ബാധകമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇവയെല്ലാം പ്രാദേശിക ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്(എസ് എം ഇ).
വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ മൂലം വലയുന്ന ഇവയ്ക്ക് 9 ശതമാനം വാറ്റ് നിരക്ക് പുനസ്ഥാപിക്കുന്നത് വലിയ ആശ്വാസമാകും.ബിസിനസുകള്‍ക്ക് കൂടുതല്‍ ലാഭകരമായ ഒരു മേഖലയായി വിനോദസഞ്ചാരത്തെ മാറ്റുകയെന്നതാണ് ലക്ഷ്യമാകേണ്ടത്. ഊര്‍ജ്ജ ചെലവ്, തൊഴില്‍ ചെലവ്, എക്സൈസ് നിരക്കുകള്‍, മറ്റ് പ്രവര്‍ത്തന ചെലവുകള്‍ എന്നിവയെല്ലാം പരിഗണിച്ച് ബിസിനസുകളുടെ നിലനില്‍പ്പ് ഉറപ്പാക്കണം.




