Skip to content
November 19, 2026
⌕

സംസ്ഥാനത്ത് കോൺ​ഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമായതോടെ കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത ആശങ്കയിൽ. തന്റെ നിലപാടിൽ പിന്നോട്ടില്ലാതെ അടൂർ പ്രകാശ്. മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ വിമർശനം ഉന്നയിക്കുകയും പിന്നാലെ ദേശീയ നേതൃത്വത്തിന് പരാതി നൽകുകയും ചെയ്ത അടൂർ പ്രകാശിന്റെ നീക്കങ്ങളിൽ വി.ഡി. സതീശൻ പക്ഷം കടുത്ത അതൃപ്തിയിൽ. പ്രശ്നം കൂടുതൽ സങ്കീർണ്ണമാകാതിരിക്കാൻ ഇരുവിഭാഗങ്ങളെയും ഒന്നിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള ഫോർമുലയുമായി ഹൈക്കമാൻഡ്

October 5, 2026
Share this post to

തിരുവനന്തപുരം:യുഡിഎഫ് കൺവീനറും മുതിർന്ന കോൺഗ്രസ് നേതാവുമായ അടൂർ പ്രകാശ്, മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവര്‍ത്തന ശൈലിക്കെതിരെ പരസ്യമായി രംഗത്തുവരികയും ദേശീയ നേതൃത്വത്തിന് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തതോടെ സംസ്ഥാന കോൺഗ്രസിലും യുഡിഎഫിലും ആഭ്യന്തര തർക്കം രൂക്ഷമാകുന്നു . 


സർക്കാരിലും മുന്നണിയിലും കൂടിയാലോചനകൾ നടക്കുന്നില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങളാണ് നടപ്പിലാക്കുന്നതെന്നും ആരോപിച്ചാണ് അടൂർ പ്രകാശ് ഹൈക്കമാൻഡിനെ സമീപിച്ചിരിക്കുന്നത്.


കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗയെ കണ്ട് പരാതി അറിയിച്ച അടൂർ പ്രകാശ്, ചൊവ്വാഴ്ച രാഹുൽ ഗാന്ധിയെ കണ്ടും പരാതി അറിയിക്കും. മല്ലികാർജുൻ ഖാർഗെയെ ഡൽഹിയിൽ നേരിൽ കണ്ട അടൂർ പ്രകാശ്, വി.ഡി. സതീശനെതിരെയുള്ള തന്റെ പരാതികൾ രേഖാമൂലം സമർപ്പിച്ചു. 

സർക്കാരും പാർട്ടിയും തമ്മിൽ യാതൊരുവിധ ഏകോപനവുമില്ലാതെയാണ് മുന്നോട്ടുപോകുന്നതെന്നും, ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് മുന്നോട്ടു പോകാനാണ് എങ്കിൽ പാർട്ടി സംവിധാനം എന്തിനാണെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.


നിലപാടിൽ ഉറച്ചുനിൽക്കുന്ന അടൂർ പ്രകാശ്, നാളെ രാഹുൽ ഗാന്ധിയെയും നേരിൽ കണ്ട് പരാതി ധരിപ്പിക്കുന്നതോടെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ ഇടപെടാൻ ഹൈക്കമാൻഡ് നിർബന്ധിതമാകും. 


 കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായും അടൂർ പ്രകാശ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.


adoor prakash

തുടക്കം മുതൽ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ വിമർശനം ഉന്നയിക്കുകയും പിന്നാലെ ദേശീയ നേതൃത്വത്തിന് പരാതി നൽകുകയും ചെയ്ത അടൂർ പ്രകാശിന്റെ നീക്കങ്ങളിൽ വി.ഡി. സതീശൻ പക്ഷം കടുത്ത അതൃപ്തിയിലാണ്. പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങൾ പരസ്യമാക്കിയതും ഹൈക്കമാൻഡിന് മുന്നിലെത്തിച്ചതും ഉചിതമായില്ലെന്ന നിലപാടിലാണ് ഈ വിഭാഗം. 


അടൂർ പ്രകാശിന് പാർട്ടിയിലെ ചില കേന്ദ്രങ്ങളിൽ നിന്ന് പരോക്ഷ പിന്തുണ ലഭിക്കുന്നുണ്ടെന്ന വിലയിരുത്തലും വി.ഡി.സതീശൻ ക്യാമ്പിനുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഡൽഹിയിലെത്തി എഐസിസി നേതൃത്വത്തെ കണ്ട് സംസ്ഥാനത്തെ സാഹചര്യം വിശദീകരിച്ചിട്ടുണ്ട്. അടൂർ പ്രകാശിന്റെ പരാതികൾ എഐസിസി പരിശോധിക്കട്ടെ എന്നും പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നുമാണ് സണ്ണി ജോസഫിന്റെ നിലപാട്.


അതേസമയം, മുന്നണിയിൽ അഭിപ്രായ ഭിന്നത രൂക്ഷമായതോടെ  ഘടക കക്ഷികളും അതൃപ്തി മറച്ചുവെക്കുന്നില്ല. മുന്നണിയിലെ സ്ഥാനമാനങ്ങളെക്കുറിച്ചും അർഹമായ

പരിഗണനകളെക്കുറിച്ചും മറ്റു ചില ഘടകകക്ഷി നേതാക്കളും സജീവമായി ആവശ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. 


കേരള ഘടകത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി അനൂപ് ജേക്കബ് അടക്കമുള്ളവർ അടൂർ പ്രകാശുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

anoop jacob

വർദ്ധിച്ചുവരുന്ന ഈ ആഭ്യന്തര തർക്കങ്ങളിൽ കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത ആശങ്കയിലാണ്. പ്രശ്നം കൂടുതൽ സങ്കീർണ്ണമാകാതിരിക്കാൻ ഇരുവിഭാഗങ്ങളെയും ഒന്നിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള ഫോർമുല ഹൈക്കമാൻഡ് തയ്യാറാക്കിയേക്കും. 


മുഖ്യമന്ത്രി വി.ഡി. സതീശനും ഡൽഹിയിൽ എത്തുന്നതോടെ പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾ എഐസിസി തലത്തിൽ വേഗത്തിലാകും. ഹൈക്കമാൻഡിനെ അറിയിച്ചാണ് നയപരമായ തീരുമാനങ്ങൾ എല്ലാം കൈക്കൊളളുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം.


എന്നാൽ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തുക എന്ന പ്രാഥമിക കടമ നിർവ്വഹിക്കാത്തത് വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടാതിരിക്കാൻ ഹൈക്കമാൻഡിന് കഴിയില്ല.കേരളത്തിൻെറ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയോട് പോലും കാര്യങ്ങൾ അറിയിക്കുന്നില്ലെന്ന പരാതിയും ഹൈക്കമാൻഡിന് മുന്നിലുണ്ട്.

Get more updates from Pudukad News on Google