Skip to content
November 19, 2026
⌕

കഴുത്തിലെ പാടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും വഴിത്തിരിവായി; അസ്വാഭാവിക മരണത്തിൽ ഭാര്യയുടെ കുറ്റസമ്മതം, പോലീസിന്റെ സംശയം ആൺസുഹൃത്തിലേക്കും | Kundara Raju murder

October 5, 2026
Share this post to
Kundara Raju Murder Case

കൊല്ലം: കുണ്ടറയ്ക്ക് സമീപം വെള്ളിമണ്ണിൽ കുഴഞ്ഞുവീണ് മരിച്ചതായി ആദ്യം കരുതിയ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി (Kundara Raju murder). സംഭവത്തിൽ ഭാര്യ ലേഖാ മേരി (48)യെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിമൺ വ്ലാവേത്ത് രാജുമന്ദിരത്തിൽ രാജു (56) ആണ് മരിച്ചത്.

ഒക്ടോബർ 2ന് പുലർച്ചെ 5.30ഓടെയാണ് രാജുവിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ലേഖാ മേരിയുടെ ആവശ്യപ്രകാരം സമീപത്ത് താമസിക്കുന്ന ബന്ധു രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാജു കുഴഞ്ഞുവീണതാണെന്നാണ് ആദ്യം ബന്ധുക്കളോട് പറഞ്ഞിരുന്നത്.

എന്നാൽ അസ്വാഭാവിക മരണത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ രാജുവിന്റെ കഴുത്തിൽ പാടുകൾ കണ്ടെത്തി. തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കഴുത്തിൽ ശക്തമായി അമർത്തിയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലിൽ വ്യക്തമായതോടെ പൊലീസ് അന്വേഷണം കൊലപാതകത്തിലേക്ക് നീങ്ങി.

തുടർന്ന് ലേഖാ മേരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ബെൽറ്റ് ഉപയോഗിച്ച് രാജുവിന്റെ കഴുത്തിൽ മുറുക്കിയതായി സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ദമ്പതികൾക്കിടയിലെ സ്വത്തുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാജുവിന്റെ പേരിലുള്ള കുടുംബസ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ലേഖാ മേരി നേരത്തെ തർക്കമുണ്ടാക്കിയിരുന്നതായും പൊലീസ് പറയുന്നു.

അതേസമയം, കൊലപാതകത്തിൽ ലേഖാ മേരി മാത്രമാണോ ഉൾപ്പെട്ടിട്ടുള്ളതെന്ന കാര്യത്തിലും പൊലീസ് അന്വേഷണം തുടരുകയാണ്. ലേഖയുടെ ആൺസുഹൃത്തിന്റെ പങ്ക് സംബന്ധിച്ച് പൊലീസ് സംശയിക്കുന്നുണ്ട്. ഇയാൾ നിലവിൽ പൊലീസ് നിരീക്ഷണത്തിലാണെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

രാജു പെയിന്റിങ് തൊഴിലാളിയായിരുന്നു. നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഇടയിൽ സൗമ്യസ്വഭാവക്കാരനായിരുന്നുവെന്നും മദ്യപിക്കുന്ന ശീലമില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ദമ്പതികൾക്കിടയിൽ നേരത്തെയും തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. കുറച്ചുകാലം അകന്ന് താമസിച്ചിരുന്ന ഇരുവരും ഏകദേശം ഒരു വർഷം മുമ്പാണ് വീണ്ടും ഒരുമിച്ച് താമസം ആരംഭിച്ചത്.

ദമ്പതികളുടെ ഏക മകൾ ബന്ധുവീട്ടിലാണ് താമസിച്ച് പഠിക്കുന്നത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Story Summary:
A 56-year-old man, Raju from Vellimon in Kollam, was found to have been murdered after his death was initially believed to be a sudden collapse. His wife Lekha Mary has been arrested, while police are also investigating whether her male friend had any role in the crime.

Get more updates from Pudukad News on Google