മട്ടന്നൂരിൽ വൻ ലഹരിവേട്ട; 153 ഗ്രാം എംഡിഎംഎ പിടികൂടി, യുവാവ് അറസ്റ്റിൽ | Mattannur MDMA seizure
കണ്ണൂർ: മട്ടന്നൂരിൽ വൻ ലഹരിവേട്ട. പാലോട്ട് പള്ളിക്ക് സമീപം കണ്ണൂർ സിറ്റി ഡാൻസാഫ് സംഘവും മട്ടന്നൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 153.379 ഗ്രാം എംഡിഎംഎ പിടികൂടി (Mattannur MDMA seizure). സംഭവത്തിൽ പള്ളിക്കുന്ന് സ്വദേശി നിസാം എ.പി. (35) അറസ്റ്റിലായി.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാണിജ്യ അളവിലുള്ള എംഡിഎംഎയാണ് പിടികൂടിയത്. ലഹരിമരുന്ന് അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സ്പീക്കറിനുള്ളിലും കീചെയിനിലും കുപ്പിവെള്ളത്തിനുള്ളിലുമായാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെയും കൂത്തുപറമ്പ് എ.എസ്.പി ശിവത്തിന്റെയും നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.
എസ്ഐ ഷജീം ജെ.യുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും മട്ടന്നൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രകാശൻ വി.കെ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് പരിശോധന നടത്തിയത്. എസ്ഐ രവീന്ദ്രൻ, സിപിഒമാരായ ഷാജി, അനീസ്, റിജിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അറസ്റ്റിലായ നിസാമിനെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.
Story Summary:
Police in Mattannur seized 153.379 grams of MDMA during a joint operation by the Kannur City DANSAF team and Mattannur Police. A 35-year-old man from Pallikkunnu was arrested in connection with the drug seizure.




