Skip to content
November 19, 2026
⌕

കർണാടകയിൽ വോട്ടർപട്ടികയിൽ നിന്ന് 7,561 പേരെ നീക്കം ചെയ്യാൻ വ്യാജ ഫോം 7 അപേക്ഷകൾ നിർമ്മിച്ചതായി പരാതി: ബി.ജെ.പി കോർപ്പറേഷൻ കൗൺസിലറുടെ ഓഫീസിൽ റെയ്ഡിന് സെർച്ച് വാറന്റ് പുറപ്പെടുവിച്ച് ബെല്ലാരി കോടതി; കോൺഗ്രസ് നൽകിയ ഹർജിയിൽ ബി.ജെ.പി നേതാവ് ടി. ശ്രീനിവാസ് മോത്കൂറിനെതിരെ കേസ്

October 6, 2026
Share this post to

ബെല്ലാരി: കര്‍ണാടകയിലെ വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് 7,561 വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഫോം 7 അപേക്ഷകള്‍ നല്‍കിയ സംഭവത്തില്‍ ബി.ജെ.പി ബൂത്ത് ലെവല്‍ ഏജന്റും ബെല്ലാരി സിറ്റി കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവുമായ ടി. ശ്രീനിവാസ് മോത്കൂറിന്റെ ഓഫീസില്‍ തിരച്ചില്‍ നടത്താന്‍ പോലീസിന് കോടതി അനുമതി നല്‍കി. 


കോണ്‍ഗ്രസ് ബൂത്ത് ലെവല്‍ ഏജന്റ് ഗൗതം എസ്. നല്‍കിയ പരാതിയിലാണ് വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തത്. 


ബെല്ലാരി സിറ്റി നിയമസഭാ മണ്ഡലത്തില്‍ താമസസ്ഥലം മാറിയവരും മറ്റ് സ്ഥലങ്ങളില്‍ പേരുള്ളവരും മരിച്ചവരുമാണെന്ന് കാട്ടി 7,561 വോട്ടര്‍മാര്‍ക്കെതിരെ പ്രതിനിധി സംഘം വഴിയും നേരിട്ടും ബി.ജെ.പി നേതാവ് വ്യാജ ആക്ഷേപങ്ങള്‍ ഉന്നയിച്ചെന്നാണ് കേസ്. 

എന്നാല്‍ ആവശ്യമായ രേഖകളോ തെളിവുകളോ ഇല്ലാത്തതിനാല്‍ ഇയാളുടെ ഹര്‍ജി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍പ് തള്ളിയിരുന്നു. തുടര്‍ന്നാണ് താലൂര്‍ റോഡിലുള്ള ഇയാളുടെ ഓഫീസില്‍ വെച്ച് വ്യാജ ഫോം 7 അപേക്ഷകള്‍ തയ്യാറാക്കി സമര്‍പ്പിച്ച സംഭവത്തില്‍ വിശദമായ രേഖകള്‍ പിടിച്ചെടുക്കാന്‍ അന്വേഷണ സംഘത്തിന് ബെല്ലാരി കോടതി സെര്‍ച്ച് വാറന്റ് അനുവദിച്ചത്.

 

Get more updates from Pudukad News on Google