Skip to content
November 19, 2026
⌕

വിമാനം സൗദി അറേബ്യയിലേക്ക് തിരിഞ്ഞത് ഭാഗ്യം; ഇല്ലെങ്കിൽ ഇസ്രയേൽ വെടിവെച്ചിട്ടേനെ

October 7, 2026
Share this post to

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനം ഇസ്രായേൽ സൈന്യം വെടിവെച്ചിടാൻ നീക്കം നടത്തി എന്ന് റിപ്പോർട്ട്. വിമാനത്തിൽ നിന്ന് അടിയന്തര സന്ദേശം പൊടുന്നനെ നിലക്കുകയും ബന്ധപ്പെടാൻ സാധിക്കാതെ വരികയും ചെയ്ത വേളയിലാണ് വിമാനം വെടിവെച്ചിടാൻ ഇസ്രായേൽ സേന ഒരുങ്ങിയത്. എന്നാൽ അപ്രതീക്ഷിതമായി വിമാനം സൗദി അറേബ്യയിലേക്ക് തിരിയുകയും തബൂക്ക് വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 182 പേരിൽ 90 ശതമാനവും ഇസ്രായേൽ പൗരന്മാരായിരുന്നു. എന്നിട്ടും വിമാനം വെടിവെച്ചിടാൻ ഇസ്രായേൽ നോക്കി എന്നാണ് സിബിഎസ് ന്യൂസ് വാർത്തയിൽ പറയുന്നത്. ഇസ്രായേലിൽ വിമാനം ഇടിച്ചിറക്കി നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുന്നതിനേക്കാൾ നല്ലത് വിമാനം ആകാശത്ത് വച്ച് തകർക്കുന്നതാണ് എന്ന വികാരമായിരുന്നു ഇസ്രായേലിലെ ഉന്നത ഉദ്യോഗസ്ഥർക്ക്.

ദുബായിൽ നിന്ന് വിമാനം പറയുന്നുയർന്ന് അൽപ്പ നേരത്തിന് ശേഷമാണ് കോക്ക്പിറ്റിൽ സംഘർഷമുണ്ടായത്. സഹപൈലറ്റ് പ്രധാന പൈലറ്റിനെ ആക്രമിക്കുകയായിരുന്നു. ഈ വേളയിൽ വിമാനം അതിവേഗം താഴേക്ക് വന്നു. വിമാനം തകരുമെന്ന ഘട്ടമെത്തവെയാണ് പൈലറ്റ് കോക്ക്പിറ്റിന്റെ വാതിൽ തുറന്നതും യാത്രക്കാർക്ക് കോക്ക്പിറ്റിൽ കയറാൻ അവസരം ലഭിച്ചതും. ഇതോടെ യാത്രക്കാരിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്തു.

വിമാനത്തിൽ നിന്ന് ഇസ്രായേലിലേക്ക് അടിയന്തര സന്ദേശം ഇതിനകം പോയിരുന്നു. എന്നാൽ പിന്നീട് സന്ദേശം നിലച്ചു. ഇസ്രായേൽ ഉദ്യോഗസ്ഥർ വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ നടന്നില്ല. ഈ വേളയിലാണ് വിമാനം ജനവാസ മേഖലയിൽ ഇടിച്ചിറക്കാൻ സാധ്യതയുണ്ടെന്ന് കരുതി വിവിധ ഉദ്യോഗസ്ഥ സമിതികൾ യോഗം ചേർന്നതും വ്യോമ അതിർത്തി ഇസ്രായേൽ അടച്ചതും.

ഇസ്രായേൽ സൈനിക വിമാനങ്ങൾ ഉടനെ സജ്ജമായി. വിമാനം ഇസ്രായേൽ വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചു. ജോർദാന്റെ വ്യോമപരിധിയിൽ കയറി വിമാനത്തിന്റെ അകത്തെ സാഹചര്യം നിരീക്ഷിക്കാനും ഇസ്രായേൽ ശ്രമിച്ചു. വിമാനം റാഞ്ചിയതാണോ എന്ന് ഉറപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്. റാഞ്ചിയതാണ് എന്ന് ഉറപ്പായാൽ വെടിവെച്ചിടാനായിരുന്നു നീക്കം. അങ്ങനെ ചെയ്താൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെടുമായിരുന്നു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉത്തരവ് കൂടി ലഭിക്കാൻ സൈന്യം കാത്തിരുന്നു. എന്നാൽ അതിനിടെയാണ് വിമാനം സൗദി അറേബ്യയുടെ അതിർത്തിയിലേക്ക് തിരിഞ്ഞത്. സൗദി സൈന്യവും സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒടുവിൽ വിമാനത്തിൽ നിന്ന് സന്ദേശം ലഭിക്കുകയും തബൂക്കിൽ സുരക്ഷിതമായി ഇറക്കുകയുമായിരുന്നു.

Get more updates from Pudukad News on Google