വിമാനം ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ പദ്ധതി, കാരണം ഗാസ വിഷയത്തിലെ പ്രതികാരം: ഫ്ലൈദുബായ് വിമാന ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് | FlyDubai Copilot
ടെൽ അവീവ്: ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളിൽ പ്രതിഷേധിച്ച് വിമാനം തകർക്കാൻ പദ്ധതിയിട്ടതായി ഫ്ലൈദുബായ് വിമാനത്തിലെ ഒമാനി കോ-പൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ വെളിപ്പെടുത്തൽ. ഇസ്രയേലി മാധ്യമം പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിലാണ് ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന വിവരമുള്ളത്.(FlyDubai Copilot Planned To Crash Plane Into Ben Gurion Airport Over Gaza War)
ഈ നീക്കം പരാജയപ്പെട്ടാൽ ജോർദാനിലെ യു.എസ് സൈനിക താവളം ആക്രമിക്കുകയായിരുന്നു ഇയാളുടെ പ്ലാൻ-ബി. സ്വയം ‘രക്തസാക്ഷി’യാകാൻ ആഗ്രഹിച്ച് നീക്കങ്ങൾ നടത്തിയ ഇയാൾ മാസങ്ങളായി ഇതിനായുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ നീക്കത്തിനായി ജൂണിൽ ഇസ്രായേലിലേക്ക് യാത്ര ചെയ്തിരുന്ന ഹമ്മാമി, ജൂലൈ മാസത്തിൽ തന്നെ ആക്രമണം നടത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും സഹപ്രവർത്തകനുമായുള്ള വ്യക്തിബന്ധം കാരണം പദ്ധതി മാറ്റിവെക്കുകയായിരുന്നു.
വിമാനം കൃത്യമായ പാതയിൽ സഞ്ചരിക്കവെ, ഹമ്മാമി പെട്ടെന്ന് ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കുകയും വിമാനത്തിന്റെ ദിശ മാറ്റാൻ ശ്രമിക്കുകയും ചെയ്തു. ഇയാളുടെ അപായ സൂചന മനസ്സിലാക്കിയ പ്രധാന പൈലറ്റ് സ്മിത് മച്ചാർ തടയാൻ ശ്രമിച്ചതോടെ കോക്പിറ്റിൽ കടുത്ത കൈയേറ്റവും പോരാട്ടവും നടന്നു. പരിക്കേറ്റിട്ടും സാഹസികമായി ചെറുത്തുനിന്ന സ്മിത് മച്ചാർ കോക്പിറ്റിന്റെ വാതിൽ തുറന്ന് പുറത്തേക്ക് സന്ദേശം നൽകുകയായിരുന്നു. വാതിൽ തുറന്നതോടെ യാത്രക്കാരും ക്രൂ അംഗങ്ങളും കോക്പിറ്റിലേക്ക് ഇരച്ചുകയറുകയും അക്രമിയായ കോ-പൈലറ്റിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയുമായിരുന്നു. നിലവിൽ വിവിധ സുരക്ഷാ ഏജൻസികളുടെ പങ്കാളിത്തത്തോടെ സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Story Summary
An Omani co-pilot of a Flydubai flight, Hamam al-Hammami, attempted to crash an aircraft into Tel Aviv’s Ben Gurion Airport as revenge for Israel’s military actions in Gaza, according to reports by Israeli media outlet Ynet. The disaster was averted after Captain Smit Machchhar fought back, opening the cockpit door, which allowed passengers and crew members to rush in and subdue the attacker. Six international security agencies are currently investigating the incident and the radical motives behind it.




