പോലീസ് തലപ്പത്ത് കാണുന്നത് കാലത്തിന്റെ കാവ്യനീതി. ട്രെയിൻ തീവച്ച കേസിലെ പ്രതിയെ പിടിച്ചതിന് പി.വിജയനെ സസ്പെൻഡ് ചെയ്യിച്ചവർക്കെതിരേ തിരിച്ചടി നൽകി കാലം. കള്ളറിപ്പോർട്ട് കൊടുത്ത എഡിജിപി അജിത്കുമാർ ഇന്ന് സസ്പെൻഷനിൽ. സസ്പെൻഡ് ചെയ്യപ്പെട്ട വിജയൻ ഇന്ന് ക്രമസമാധാന ചുമതലയിലും. കരിയർ കാത്തതിന് ഡിജിപി മനോജ് എബ്രഹാമിനും ചീഫ്സെക്രട്ടറിയായിരുന്ന വി.വേണുവിനും നന്ദി പറഞ്ഞ് വിജയൻ. യൂണിഫോമിലെത്തി കള്ളക്കളികൾ ധൈര്യപൂർവം തുറന്നടിച്ച് കരുത്തനായ പോലീസ് ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: പോലീസിലെ ഉന്നതതല ചേരിപ്പോരിന്റെ ഇരയായി അഞ്ചുമാസം സസ്പെൻഷനിൽ കഴിയേണ്ടി വന്നതിന്റെ അണിയറ രഹസ്യങ്ങൾ പോലീസ് യൂണിഫോമിലെത്തി ധൈര്യപൂർവം തുറന്നുപറഞ്ഞ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി.വിജയൻ.
മാതൃഭൂമി ഡിജിറ്റലിനോടാണ് വിജയന്റെ വെളിപ്പെടുത്തലുകൾ. ചീഫ്സെക്രട്ടറിയായിരുന്ന ഡോ.വി.വേണു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായിവിജയന് ആവർത്തിച്ച് ശുപാർശ നൽകിയ ശേഷമാണ് വിജയനെ തിരിച്ചെടുത്തത്.
എലത്തൂർ ട്രെയിൻ തീവയ്പുകേസിൽ പ്രതിയെ പിടിക്കാൻ വഴിയൊരുക്കിയത് ഇഷ്ടപ്പെടാത്ത പൊലീസിലെ ഉന്നതരാണ് വിജയനെ സസ്പെൻഷനിൽ കുരുക്കിയത്.

പ്രതിയെ പിടികൂടാൻ വിജയൻ കേന്ദ്രഏജൻസികളെയടക്കം ഇടപെടുത്തിയതിലൂടെ സംസ്ഥാന പോലീസിന്റെ ക്രെഡിറ്റ്നഷ്ടമായെന്ന് ചിലർ ആരോപണമുയർത്തിയതാണ് സസ്പെൻഷനിൽ കലാശിച്ചത്. പ്രതിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പി.വിജയനെ സസ്പെൻഡ് ചെയ്തത്.
മഹാരാഷ്ട്രയിൽ നിന്ന് പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ വിജയൻ ബന്ധപ്പെട്ടെന്നും ഇത് സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കിയെന്നുമുള്ള അന്നത്തെ എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത്കുമാർ ഇന്ന് സസ്പെൻഷനിലാണ്. അന്ന് സസ്പെൻഷനിലായിരുന്ന വിജയൻ ഇന്ന് ക്രമസമാധാന ചുമതലയിലും.
തുടക്കത്തിലേ ഭീകരബന്ധം സംശയിച്ചതിനാൽ, അന്ന് തീവ്രവാദ വിരുദ്ധസേനയുടെ തലവനായിരുന്ന വിജയൻ ഡി.ജി.പിയായിരുന്ന അനിൽകാന്തിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചത്.
പ്രതി കേരളം വിട്ടെന്നുറപ്പായതോടെ, കേന്ദ്രകാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് ഡയറക്ടറായ കേരളാ കേഡറിലെ ഐ.ജി അനൂപ് കുരുവിള ജോണിന്റെ സഹായം വിജയൻ തേടി.

പ്രതിയെ പിടിക്കാൻ ഐ.ബി, മഹാരാഷ്ട്ര- കർണാടക ഭീകരവിരുദ്ധ സ്ക്വാഡുകൾ, ഉത്തർപ്രദേശ്, ഡൽഹി പോലീസുകൾ, ആർ.പി.എഫ് എന്നിവയടക്കം വിവിധ ഏജൻസികളെ ഏകോപിപ്പിച്ചത് ഇങ്ങനെയായിരുന്നു. സംയുക്ത ഓപ്പറേഷനിൽ മൂന്നാംദിവസം പ്രതിയെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ പിടികൂടുകയായിരുന്നു.
പ്രതിയുടെ ഫോട്ടോയും വീഡിയോയും പുറത്തവിട്ടത് മഹാരാഷ്ട്ര എ.ടി.എസാണെങ്കിലും ആ കുറ്റവും വിജയന്റെ തലയിലാക്കി. പ്രതിയെ കൊണ്ടുവന്ന ഡിവൈ.എസ്.പിയുമായി എ.ഡി.ജി.പി, ഐ.ജി, എസ്.പി, ഡിവൈ.എസ്.പി, ഒരു മാദ്ധ്യമപ്രവർത്തകൻ എന്നിവർ സംസാരിച്ചിരുന്നെങ്കിലും വിജയനെതിരേയാണ് കുറ്റംചാർത്തിയത്.
പ്രതിയുടെ യാത്രാമാർഗ്ഗം പുറത്തറിഞ്ഞതിനാൽ തീവ്രവാദികൾ വഴിമദ്ധ്യേ ആക്രമിക്കുമായിരുന്നെന്നാണ് എ.ഡി.ജി.പി കുറ്റപ്പെടുത്തിയത്. അതിന്റെ ഉള്ളറകളെക്കുറിച്ച് വിജയന്റെ വാക്കുകൾ ഇങ്ങനെ- എലത്തൂർ കേസ് എ.ടി.എസ് ആണ് കണ്ടുപിടിച്ചത്. ഞാൻ ആ വിവാദത്തിലേക്കൊന്നും പോകുന്നില്ല.
ആ സംഭവം നടന്ന ദിവസം ഞാൻ ഡൽഹിയിലായിരുന്നു. പിറ്റേന്ന് രാവിലെ എന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ഞാൻ അഞ്ചുമണിക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട് വഴിയിലെത്തിയപ്പോൾ എ.ടി.എസ്സിലെ ആളുകളെ വിളിച്ചു. ഞാൻ പറഞ്ഞു, ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്, നിങ്ങൾക്ക് പോകാൻ പറ്റുമോയെന്ന് ചോദിച്ചു. അന്ന് അവർക്ക് ഡീസൽ അടിക്കാൻ പോലും പൈസ ഉണ്ടായിരുന്നില്ല.
മനോജ് എന്ന് പറയുന്ന ഒരു എസ്.ഐ, സ്വന്തം വണ്ടി എടുത്ത് കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് പോയി. ഇതിനിടയിൽ അവരെല്ലാവരും ചേർന്ന് ടൂളുകളൊക്കെ വച്ച് പരിശോധന തുടങ്ങി. കോഴിക്കോട് നിന്നുള്ള ഷൗക്കത്തലിയും ഇടപെട്ടു.

ഇവരെല്ലാവരും കൂടി പോയി പ്രതിയെ മനസിലാക്കി. അടുത്ത കാലത്തായി നടന്ന ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊക്കെ ഡിജിറ്റൽ എവിഡൻസ് ഉണ്ടാക്കുന്നതിൽ വലിയ പങ്കുവഹിച്ച ആളാണ് മനോജ്. അയാളെയും സസ്പെൻഡ് ചെയ്തു.
എം.ആർ അജിത്കുമാർ എന്റെ മുകളിലുള്ള ആളാണ്, വളരെ സീനിയറാണ്. ഡിജിപി മനോജ് എബ്രഹാം കാണിച്ചിരിക്കുന്ന ധൈര്യവും സത്യസന്ധതയുമാണ് ഇന്ന് ഞാൻ ഈ സർവീസിൽ ഇരിക്കാൻ കാരണം. അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന വേണു സാർ ഒരുപാട് റിസ്ക് എടുത്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ പദവിയോ, അത് നഷ്ടപ്പെടുമെന്നോ ഒന്നും ചിന്തിക്കാതെ സത്യത്തിനൊപ്പം നിന്നു. മാത്രമല്ല, ഇതെല്ലാം തിരിച്ചറിഞ്ഞപ്പോൾ പിണറായി വിജയൻ സാർ തന്നെയാണ് എന്നെ വീണ്ടും തിരിച്ചെടുത്തതും, സർവീസിൽ കയറ്റിയതും, പ്രൊമോട്ട് ചെയ്തതും, പിന്നെ എനിക്ക് പോലീസ് മെഡലിന്, അതായത് ഡിസ്റ്റിംഗ്വിഷ്ഡ് മെഡലിന് ശുപാർശ ചെയ്തതും. പിന്നീട് എന്നെ എ.ഡി.ജി.പി ഇന്റലിജൻസ് ആക്കിയതൊക്കെ അദ്ദേഹം തന്നെയാണ്.




