അമേരിക്കയുടെ പരമോന്നത സയൻസ് മെഡൽ ഇലോൺ മസ്കിനും ജെൻസൻ ഹുവാങ്ങിനും. ടെക്നോളജി പുരസ്കാരം സ്വന്തമാക്കി സത്യ നദെല്ലയും മൈക്കൽ ഡെല്ലും. വൈറ്റ് ഹൗസ് ഉച്ചകോടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കുക ട്രംപ്. മസ്കുമായുള്ള ഭിന്നതകൾ പരിഹരിച്ചതിന് പിന്നാലെ സുപ്രധാന നേട്ടം. ടെക് ലോകത്ത് ചരിത്ര നിമിഷം
വാഷിങ്ടൺ: ആഗോള ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ വിപ്ലവകരമായ സംഭാവനകൾ നൽകിയ പ്രമുഖർക്ക് അമേരിക്കയുടെ പരമോന്നത ബഹുമതികൾ പ്രഖ്യാപിച്ചു. ടെസ്ല, സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന് യു.എസിലെ ഏറ്റവും ഉയർന്ന സയൻസ് ബഹുമതിയായ ‘നാഷണൽ മെഡൽ ഓഫ് സയൻസ്’ ലഭിക്കും.
മസ്കിനൊപ്പം ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് നിർമ്മാണ രംഗത്തെ വമ്പന്മാരായ എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്, എ.എം.ഡി മേധാവി ലിസ സൂ എന്നിവരും ഈ പരമോന്നത പുരസ്കാരത്തിന് അർഹരായി. ശാസ്ത്രജ്ഞർക്കും എൻജിനീയർമാർക്കും ഗവേഷകർക്കും യു.എസ് നൽകുന്ന ഏറ്റവും ആദരണീയമായ പുരസ്കാരമാണിത്.
അതേസമയം, ഇൻഫർമേഷൻ ടെക്നോളജി രംഗത്തെ സമഗ്ര സംഭാവനകൾ മാനിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല, ഡെൽ ടെക്നോളജീസ് സി.ഇ.ഒ മൈക്കൽ ഡെൽ എന്നിവർക്ക് യു.എസിന്റെ സാങ്കേതിക രംഗത്തെ ഉയർന്ന ബഹുമതിയായ ‘നാഷണൽ മെഡൽ ഓഫ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ’ സമ്മാനിക്കും.
വൈറ്റ് ഹൗസിൽ നടക്കുന്ന ‘സയൻസ്: എ ന്യൂ ഗോൾഡൻ ഏജ്’ ഉച്ചകോടിയിൽ വെച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുരസ്കാരങ്ങൾ നേരിട്ട് വിതരണം ചെയ്യും.
നവീന സാങ്കേതിക കണ്ടുപിടുത്തങ്ങൾക്കും എ.ഐ ഉൾപ്പെടെയുള്ള മുന്നേറ്റങ്ങൾക്കും സ്വകാര്യ മേഖലയുടെ നിക്ഷേപം എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും ആഗോള ടെക് രംഗത്ത് യു.എസിന്റെ മേധാവിത്വം ഉറപ്പിക്കുന്നതിനുള്ള തന്ത്രങ്ങളും ഉച്ചകോടിയിൽ വിശദമായി ചർച്ച ചെയ്യും.
ഒരിടവേളയ്ക്ക് ശേഷം പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇലോൺ മസ്കും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കപ്പെട്ട് ബന്ധം സാധാരണ നിലയിലായതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം രൂപീകരിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡി.ഒ.ജി.ഇ) നേതൃത്വത്തിൽ നിന്ന് മസ്ക് മാറിയതിനെ തുടർന്ന് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു.
ട്രംപിന്റെ നികുതി-ചെലവ് ബില്ലിനെ മസ്ക് വിമർശിച്ചതോടെ ഭിന്നത രൂക്ഷമാവുകയും, മസ്കിന്റെ സ്ഥാപനങ്ങൾക്കുള്ള സർക്കാർ കരാറുകൾ പുനഃപരിശോധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്തുകയായിരുന്നു.
അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് വേണ്ടി ട്രംപ് ഒരുക്കിയ വിരുന്നിലും, വൈറ്റ് ഹൗസിൽ നടന്ന നിർണ്ണായക എ.ഐ ഉച്ചകോടിയിലും മസ്കും ജെൻസൻ ഹുവാങ്ങും പങ്കെടുത്തിരുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മൂലമുണ്ടാകുന്ന അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് ടെക് കമ്പനികൾ സ്വമേധയാ മാർഗ്ഗരേഖകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്നും സാങ്കേതിക വിദഗ്ദ്ധർ ഉറപ്പുനൽകിയിട്ടുണ്ട്.




