സ്വപ്നം തുറന്നു പറഞ്ഞ് ട്രംപ്, സമാധാനത്തിനുള്ള നോബല്‍ സമ്മാനം എനിക്ക് തന്നെ
സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണെന്ന് ആവര്‍ത്തിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ട്രംപ് ഈ പരമര്‍ശം നടത്തിയത്. ‘അവരുടെ തീരുമാനം എന്തായിരിക്കുമെന്ന് എനിക്കറിയില്ല.എന്നെപ്പോലെയുള്ളവര്‍ക്ക് അത് നല്‍കാതിരിക്കാന്‍ സാധ്യതയുണ്ടെന്നൊരു പേര് അവര്‍ക്കുണ്ട്’ ട്രംപ് ആരോപിച്ചു.
കഴിഞ്ഞ ജനുവരിയില്‍ അധികാരമേറ്റ ശേഷം എട്ട് സംഘര്‍ഷങ്ങളില്‍ ഇടപെട്ട തനിക്ക് ഈ പുരസ്‌കാരം ലഭിക്കേണ്ടതാണ്. സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കേണ്ടതാണെന്നും എന്നാല്‍ അതിനുള്ള സാധ്യതയെക്കുറിച്ച് സംശയമുണ്ടെന്നും ട്രംപ് വെളിപ്പെടുത്തുന്നു.കഴിഞ്ഞ വര്‍ഷം വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയതുമുതല്‍, ലോകത്തിലെ ഏറ്റവും അഭിമാനകരമായ നോബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് ട്രംപ് ഇടയ്ക്കിടെ പ്രഖ്യാപിക്കുമായിരുന്നു.
അതേസമയം,ഈ വര്‍ഷം പുരസ്‌കാരം നേടാന്‍ സാധ്യതയുള്ളവരില്‍ ലിയോ മാര്‍പ്പാപ്പ , അന്താരാഷ്ട്ര ക്രിമിനല്‍ കോടതി, ഫലസ്തീന്‍ പ്രദേശങ്ങള്‍ക്കായുള്ള പ്രത്യേക റിപ്പോര്‍ട്ടര്‍ എന്നിവരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
പരോക്ഷമായി കിട്ടിയത് സന്തോഷം
കഴിഞ്ഞ തവണ അത് ലഭിച്ച വ്യക്തിയില്‍ നിന്ന് പരോക്ഷമായി അത് സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വലിയ അഭിമാനമുണ്ട്; പ്രസിഡന്റ് ട്രംപിനേക്കാള്‍ കൂടുതല്‍ അതിന് അര്‍ഹനായ മറ്റാരും ചരിത്രത്തിലില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും ട്രംപ് അവകാശപ്പെട്ടു.
വെനസ്വേലയിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യു എസ് പിന്തുണ തേടുന്നതിനിടെ, വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ തന്റെ 2025-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാന മെഡല്‍ ജനുവരിയില്‍ ട്രംപിന് നല്‍കിയിരുന്നു.കംബോഡിയ, ഇസ്രായേല്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തതായി പറഞ്ഞിട്ടുണ്ടെങ്കിലും അത് സ്ഥിരീകരിക്കാന്‍ മാര്‍ഗമില്ല.
ട്രംപും സമാധാന ഇടപെടലുകളും?
ഇറാനുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയും ഉക്രെയ്നില്‍ സമാധാനം സ്ഥാപിക്കാന്‍ ഇതുവരെ കഴിയാതിരിക്കുകയും ചെയ്ത യു എസ് പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്.
തന്റെ രണ്ടാമത്തെ വൈറ്റ് ഹൗസ് കാലാവധിയുടെ ആദ്യ ദിവസം തന്നെ ഉക്രൈയ്നിലെ റഷ്യന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതിന് കഴിഞ്ഞിട്ടില്ല.ഇറാനെതിരെ യു എസും ഇസ്രായേലും നടത്തിയ ആക്രമണങ്ങള്‍ ഏഴ് മാസത്തോളമായിട്ടും തുടരുകയാണ്.
ട്രംപ് പരിഹരിച്ചെന്ന് അവകാശപ്പെടുന്ന ചില സംഘര്‍ഷങ്ങളിലെ കക്ഷികള്‍ അദ്ദേഹത്തിന്റെ നയതന്ത്രപരമായ പങ്കിനെ ചോദ്യം ചെയ്യുന്നുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കംബോഡിയ-തായ്‌ലന്‍ഡ് അതിര്‍ത്തി തുടങ്ങിയ ചില പ്രദേശങ്ങളില്‍ പോരാട്ടം വീണ്ടും രൂക്ഷമായിട്ടുമുണ്ട്.




