ലിഥിയം ഇറക്കുമതിക്കായി അർജന്റീനയുമായി ഇന്ത്യയ്ക്കു കരാർ, ഇന്ത്യയിൽ ഇ.വി മേഖലയിലും വൻ കുതിച്ചുചാട്ടത്തിന് വഴിതുറക്കും. നിലവിൽ അർജന്റീനയിലെ 5 ലിഥിയം ബ്ലോക്കുകൾ ഏറ്റെടുത്തിട്ടുള്ള ഇന്ത്യ, ഭാവിയിൽ 5 ബ്ലോക്കുകൾ കൂടി ഏറ്റെടുക്കാനുള്ള നീക്കത്തിൽ. ചൈനീസ് ആശ്രിതത്വം കുറയ്ക്കാൻ പുതിയ നീക്കം ഗുണം ചെയ്യും
കോട്ടയം: ലിഥിയം വൻതോതിൽ ലഭ്യമാക്കാൻ അർജന്റീനയുമായി ചരിത്രപരമായ കരാറിൽ ഏർപ്പെട്ട് ഇന്ത്യയുടെ നീക്കം ഇ.വി മേഖലയിലും വൻ കുതിച്ചുചാട്ടത്തിന് വഴിതുറക്കും. രാജ്യത്തിന്റെ സാമ്പത്തിക-വ്യാവസായിക മേഖലകളിൽ വൻ മാറ്റങ്ങൾക്ക് വഴിതെളിക്കുന്നതാണ് ഈ പുതിയ സഹകരണം. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കൽക്കരി-ഖനന മന്ത്രി ജി. കിഷൻ റെഡ്ഡിയും അർജന്റീനയിലെ കാറ്റമാർക്ക ഗവർണർ റോൾ അലേജാന്ദ്രോ ജലീലും തമ്മിലാണ് കരാറിൽ ഒപ്പുവെച്ചത്.
ലിഥിയം പര്യവേക്ഷണം, ഖനന മേഖലയിലെ സഹകരണം വർധിപ്പിക്കൽ, പരസ്പര നിക്ഷേപം ഉയർത്തൽ എന്നിവ സംബന്ധിച്ച് ഇരുനേതാക്കളും വിശദമായ ചർച്ചകൾ നടത്തി. നിലവിൽ അർജന്റീനയിലെ 5 ലിഥിയം ബ്ലോക്കുകൾ ഏറ്റെടുത്തിട്ടുള്ള ഇന്ത്യ, ഭാവിയിൽ 5 ബ്ലോക്കുകൾ കൂടി ഏറ്റെടുക്കാനുള്ള നീക്കത്തിലാണ്. അർജന്റീനയ്ക്ക് പുറമെ ഓസ്ട്രേലിയ, ചിലി തുടങ്ങിയ രാജ്യങ്ങളിലെ ലിഥിയം ബ്ലോക്കുകൾ സ്വന്തമാക്കാനും ഇന്ത്യ ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
ഇവി ഉൽപ്പാദനത്തിൽ ഏറ്റവും ഉയർന്ന ചെലവ് വരുന്നത് ലിഥിയം-അയൺ ബാറ്ററികൾക്കാണ്. രാജ്യത്ത് ലിഥിയം ലഭ്യമാകുന്നതോടെ ബാറ്ററി നിർമാണ ചെലവ് കുറയുകയും ഇലക്ട്രിക് വാഹനങ്ങൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാവുകയും ചെയ്യും.
നിലവിൽ ലിഥിയം ബാറ്ററികൾക്കായി ചൈന, ഹോങ്കോംഗ് എന്നീ രാജ്യങ്ങളെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. സ്വന്തമായി ഖനികൾ ലഭ്യമാകുന്നതോടെ വിദേശ ഇറക്കുമതി ബില്ലിൽ വലിയ കുറവുവരുത്താൻ സാധിക്കും. ഖനനം, ബാറ്ററി ഉൽപ്പാദനം, ഇലക്ട്രിക് വാഹന നിർമാണം എന്നീ അനുബന്ധ മേഖലകളിൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് രാജ്യത്ത് സൃഷ്ടിക്കപ്പെടാൻ പോകുന്നത്.
വിദേശ വിപണിയിലെ ലിഥിയം ഖനനത്തിലേക്ക് കൂടുതൽ ഇന്ത്യൻ സ്വകാര്യ കമ്പനികളെ ആകർഷിക്കാനും കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്. പരിമിതമായ ആഭ്യന്തര ലിഥിയം ശേഖരമുള്ള ഇന്ത്യയ്ക്ക്, വിദേശ രാജ്യങ്ങളിലെ കരുതൽ ശേഖരത്തിലുള്ള പങ്കാളിത്തം ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക ഭദ്രതയും വ്യാവസായിക വളർച്ചയും ഉറപ്പുനൽകുന്നു.




