Skip to content
November 19, 2026
⌕

പാക്കിസ്ഥാനെ വെട്ടിമുറിച്ച് ‘ഭിന്നിപ്പിച്ച് ഭരിക്കാൻ’ സൈന്യം. നിലവിലെ 4 പ്രവിശ്യകൾ വിഭജിച്ച് 12-ലധികം പുതിയ പ്രവിശ്യകളാക്കാൻ നീക്കം. പിന്നിൽ സമ്പൂർണ്ണ അധികാരം പിടിച്ചെടുക്കാനുള്ള അസിം മുനീറിന്റെ ഗൂഢപദ്ധതിയെന്ന് ആരോപണം. ഭരണപരിഷ്കാരമെന്ന പേരിൽ കേന്ദ്രീകൃത നിയന്ത്രണത്തിന് ശ്രമം. സിവിലിയൻ സർക്കാരുകളെ നോക്കുകുത്തിയാക്കി സൈനിക മേധാവി സർവ്വാധികാരിയാകുന്നു

October 9, 2026
Share this post to

ഇസ്ലാമാബാദ്: ബ്രിട്ടീഷ് തന്ത്രമായ ‘ഭിന്നിപ്പിച്ചു ഭരിക്കൽ’ നയം സ്വന്തം രാജ്യത്ത് പയറ്റി സമ്പൂർണ്ണ അധികാരം കൈപ്പിടിയിലൊതുക്കാൻ പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ രഹസ്യ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്. 

1947-ൽ രാജ്യം രൂപീകൃതമായതു മുതൽ മാറ്റമില്ലാതെ തുടരുന്ന നിലവിലെ നാല് പ്രധാന പ്രവിശ്യകളെ വെട്ടിമുറിച്ച് 12 മുതൽ 16 വരെ പുതിയ ചെറിയ പ്രവിശ്യകളാക്കി മാറ്റാനാണ് പാക് സൈന്യത്തിന്റെ നീക്കം.

സ്വാതന്ത്ര്യലബ്ധി മുതൽ പഞ്ചാബ്, സിന്ധ്, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നീ നാല് പ്രധാന പ്രവിശ്യകളായാണ് പാകിസ്ഥാൻ നിലനിൽക്കുന്നത്. ഇതിൽ ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബിൽ മാത്രം 12.8 കോടി ജനങ്ങളുണ്ട്. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പകുതിയിലധികമാണ്. 

എന്നാൽ ഭൂമിശാസ്ത്രപരമായി ഏറ്റവും വലുതും ജനസംഖ്യാടിസ്ഥാനത്തിൽ ഏറ്റവും ചെറുതുമായ ബലൂചിസ്ഥാനിൽ കേവലം 1.5 കോടി ജനങ്ങൾ മാത്രമാണുള്ളത്. ജനസംഖ്യാ-വിഭവ വിതരണത്തിലെ ഈ വലിയ അസമത്വം കാര്യക്ഷമമായ ഭരണനിർവ്വഹണത്തിന് തടസ്സമാണെന്നും, 

അതിനാൽ ഭരണസൗകര്യത്തിനായി പ്രവിശ്യകൾ വിഭജിക്കണമെന്നും പാകിസ്ഥാനിലെ ഭരണപരിഷ്കരണവാദികൾ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. ഈ വാദത്തെ മറയാക്കിയാണ് സൈനിക മേധാവി അസിം മുനീർ വിഭജന നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഭരണപരിഷ്കാരം എന്ന ന്യായീകരണം പ്രഥമദൃഷ്ട്യാ യുക്തിസഹമായി തോന്നാമെങ്കിലും, ഇതിന് പിന്നിൽ അപകടകരമായ രാഷ്ട്രീയ അജണ്ടയാണുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകരും വിമർശകരും മുന്നറിയിപ്പ് നൽകുന്നു. 

വിഭജിക്കപ്പെടുന്ന പുതിയ പ്രവിശ്യകളെ ഭരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോ ജില്ലാ അസംബ്ലികളോ കേന്ദ്ര സർക്കാർ നേരിട്ട് നാമനിർദ്ദേശം ചെയ്യുന്നവരോ ആയിരിക്കും ഉണ്ടാവുക. 

സിവിലിയൻ സംവിധാനങ്ങൾ ശിഥിലമാകുന്നതോടെ ഫലത്തിൽ ഈ പുതിയ ഭരണകൂടങ്ങളുടെയെല്ലാം നിയന്ത്രണം സൈനിക ആസ്ഥാനമായ റാവൽപിണ്ടിയിലേക്കും സൈനിക മേധാവിയുടെ കൈകളിലേക്കും കേന്ദ്രീകരിക്കപ്പെടും.

പാകിസ്ഥാനിൽ പ്രസിഡന്റും പ്രധാനമന്ത്രിയും അടങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട നേതൃത്വം ഔദ്യോഗിക പദവികൾ വഹിക്കുമ്പോഴും, രാജ്യത്തിന്റെ അന്തിമ നിയന്ത്രണവും തന്ത്രപരമായ അധികാരങ്ങളും പണ്ടേപോലെ സൈന്യത്തിന്റെ കയ്യിലാണ്. 

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറിയ പങ്കും നേരിട്ടുള്ള സൈനിക ഭരണത്തിൻ കീഴിലായിരുന്ന രാജ്യത്ത്, നിലവിലെ ഷെഹബാസ് ഷെരീഫ് സർക്കാരും സൈന്യത്തിന്റെ കർശന നിരീക്ഷണത്തിലാണ് മുന്നോട്ടുപോകുന്നത്. 

ആഭ്യന്തര രാഷ്ട്രീയത്തിൽ സൈന്യത്തിന്റെ മേൽക്കോയ്മ നിലനിർത്താനും ജനശ്രദ്ധ തിരിക്കാനും ഇന്ത്യയുമായുള്ള ബന്ധം എപ്പോഴും ശത്രുതാപരമായി നിലനിർത്താൻ ആഗ്രഹിക്കുന്ന സൈനിക നേതൃത്വം, പ്രവിശ്യാ വിഭജനത്തിലൂടെ പാകിസ്ഥാനിൽ തങ്ങളുടെ അപ്രമാദിത്വം പൂർണ്ണമായി അരക്കിട്ടുറപ്പിക്കാനാണ് ഒരുങ്ങുന്നത്.

Get more updates from Pudukad News on Google