20 ഗർഭാശയ മുഴകൾ, 1.5 കിലോ ഭാരം; കീഹോൾ ശസ്ത്രക്രിയയിലൂടെ 46കാരിക്ക് ആശ്വാസം | Thodupuzha Baby Memorial Hospital
തൊടുപുഴ: വലുപ്പമേറിയ ഗർഭാശയ മുഴകൾ (ഫൈബ്രോയ്ഡുകൾ) മൂലം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന 46കാരിക്ക് ആശ്വാസമായി തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ (Thodupuzha Baby Memorial Hospital) ചികിത്സ. 20 മുഴകളുണ്ടായിരുന്ന, 1.5 കിലോഗ്രാം ഭാരമുള്ള ഗർഭപാത്രം അത്യാധുനിക കീഹോൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ച രോഗി മൂന്ന് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി.
തൊടുപുഴ മടക്കത്താനം സ്വദേശിനിയായ രോഗി അമിത രക്തസ്രാവവും ഗുരുതരമായ വിളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ ഗർഭപാത്രത്തിന് ഏകദേശം 28 ആഴ്ച ഗർഭാവസ്ഥയിലുള്ള ഗർഭപാത്രത്തിന് സമാനമായ വലുപ്പമുണ്ടെന്ന് കണ്ടെത്തി. രക്തത്തിലെ ഹീമോഗ്ലോബിൻ നില 7.4 ഗ്രാം/ഡെസിലിറ്ററായി കുറഞ്ഞിരുന്നു. വിളർച്ചയുടെ തീവ്രത കണക്കിലെടുത്ത് ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് രക്തം നൽകി.
2026 ഒക്ടോബർ ഏഴിനായിരുന്നു ശസ്ത്രക്രിയ. ടോട്ടൽ ലാപ്രോസ്കോപ്പിക് ഹിസ്റ്റെരെക്ടമി എന്ന മിനിമലി ഇൻവേസീവ് രീതിയിലൂടെ ഗർഭപാത്രവും സെർവിക്സും നീക്കം ചെയ്തു. ഗർഭപാത്രത്തിലുണ്ടായിരുന്ന ഏറ്റവും വലിയ മുഴയ്ക്ക് ഏകദേശം എട്ട് സെന്റിമീറ്റർ നീളവും വീതിയുമുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അനൂജ സെബാസ്റ്റ്യൻ, ഡോ. മീന സോമൻ, ഡോ. ഈവലിൻ എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.
28 ആഴ്ച ഗർഭാവസ്ഥയിലുള്ള ഗർഭപാത്രത്തിന് സമാനമായ വലുപ്പവും 1.5 കിലോഗ്രാം ഭാരവുമുള്ള, 20 ഫൈബ്രോയ്ഡുകളുണ്ടായിരുന്ന ഗർഭപാത്രം ലാപ്രോസ്കോപ്പിക് രീതിയിൽ നീക്കം ചെയ്തത് വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയയായിരുന്നുവെന്ന് ഡോ. അനൂജ സെബാസ്റ്റ്യൻ പറഞ്ഞു. ഇത്രയും വലുപ്പമുള്ള ഗർഭപാത്രം നീക്കം ചെയ്യാൻ സാധാരണയായി ഓപ്പൺ സർജറിയാണ് പരിഗണിക്കാറുള്ളതെന്നും ഇത്തരം കേസുകളിൽ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയ്ക്ക് ഉയർന്ന സാങ്കേതിക വൈദഗ്ധ്യം ആവശ്യമാണെന്നും അവർ വ്യക്തമാക്കി.
ചെറിയ മുറിവുകളിലൂടെ നടത്തുന്ന ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ശസ്ത്രക്രിയാനന്തര വേദന കുറയ്ക്കാനും ആശുപത്രിയിൽ കഴിയേണ്ടിവരുന്ന സമയം പരിമിതപ്പെടുത്താനും കഴിയുമെന്ന് ഡോ. മീന സോമൻ പറഞ്ഞു.
അനസ്തീഷ്യ വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റ് ഡോ. സുനിൽ എ., അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. നിതിഷ റോയ് എന്നിവർ നേതൃത്വം നൽകി. ജിന്റോ, ഷൈജു, സ്മിത എന്നിവർ നഴ്സിങ് ടീമിലും പങ്കാളികളായി.
സങ്കീർണമായ ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾക്കുപോലും ആധുനിക മിനിമലി ഇൻവേസീവ് ശസ്ത്രക്രിയാ രീതികൾ ഉപയോഗിച്ച് ചികിത്സ നൽകാനുള്ള ആശുപത്രിയുടെ വൈദഗ്ധ്യം ഈ നേട്ടം വ്യക്തമാക്കുന്നതായി ബിഎംഎച്ച് അറിയിച്ചു.
Story Summary: Doctors at Baby Memorial Hospital in Thodupuzha removed a 1.5 kg uterus containing 20 fibroids from a 46-year-old woman through total laparoscopic hysterectomy. The patient had experienced heavy bleeding and severe anaemia, with a haemoglobin level of 7.4 g/dL. She recovered after surgery and was discharged following a three-day hospital stay.




