ലൈംഗികാതിക്രമ പരാതികൾ; കോൺഗ്രസ് എംപി ബിമോൾ അക്കോയ്ജാമിനെ ജെഎൻയു സർവീസിൽനിന്ന് പിരിച്ചുവിട്ടു | JNU professor dismissal
ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതികളിൽ നടപടിയെടുത്ത് കോൺഗ്രസ് എംപിയും ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) പ്രൊഫസറുമായ ഡോ. അംഗോംച ബിമോൾ അക്കോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. സർവകലാശാലയുടെ ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഉടൻ പ്രാബല്യത്തിൽ വരുന്ന നടപടി. മണിപ്പൂരിലെ ഇന്നർ മണിപ്പൂരിൽനിന്നുള്ള ലോക്സഭാംഗമാണ് അദ്ദേഹം. (JNU professor dismissal)
ജെഎൻയു വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ഡി. പണ്ഡിറ്റ് ഒപ്പിട്ട ഉത്തരവിലാണ് പിരിച്ചുവിടൽ നടപടി വ്യക്തമാക്കിയിരിക്കുന്നത്. സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിൽ അധ്യാപകനായി പ്രവർത്തിച്ചിരുന്ന അക്കോയ്ജാമിനെതിരെ ഉയർന്ന പരാതികളിൽ ആഭ്യന്തര സമിതി അന്വേഷണം നടത്തുകയും കടുത്ത അച്ചടക്കനടപടി ശുപാർശ ചെയ്യുകയും ചെയ്തതായി ഉത്തരവിൽ പറയുന്നു.
പതിനൊന്ന് വിദ്യാർഥിനികൾ എംപിക്കെതിരെ സർവകലാശാലയുടെ ആഭ്യന്തര സമിതിക്ക് പരാതി നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. ക്ലാസുകളിൽ അനുചിതമായ പരാമർശങ്ങൾ നടത്തിയെന്നും ഒത്തുചേരലുകൾക്കിടെ അനാവശ്യമായി സമീപിച്ചെന്നും അക്കാദമിക ഇടപെടലുകളിൽ മോശമായി പെരുമാറിയെന്നുമാണ് പരാതികളിലെ ആരോപണങ്ങൾ. വൈവ പരീക്ഷകൾക്കുശേഷം തനിക്കുണ്ടായ അനുഭവം ഒരു വിദ്യാർഥിനി ആദ്യം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മറ്റു വിദ്യാർഥിനികളും പരാതികളുമായി മുന്നോട്ടുവന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ അക്കോയ്ജാം നിഷേധിച്ചിട്ടുണ്ട്. പരാതികൾ വ്യാജവും ദുരുദ്ദേശ്യപരവുമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സംഭവത്തിൽ ബിജെപിയുമായി ബന്ധമുള്ള വിദ്യാർഥി സംഘടനയായ എബിവിപി പ്രതിഷേധിക്കുകയും എംപിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി വനിതാ കമ്മിഷനും വിഷയത്തിൽ ഇടപെട്ട് ജെഎൻയു അധികൃതരോട് റിപ്പോർട്ട് തേടിയിരുന്നു.
Summary: Jawaharlal Nehru University has dismissed Congress Lok Sabha MP and professor Dr Angomcha Bimol Akoijam following an internal inquiry into sexual harassment complaints. Eleven students reportedly filed complaints, while Akoijam has denied the allegations and described them as false and motivated.




