നവജാതശിശുക്കളിലെ മഞ്ഞപ്പിത്തത്തിന് വിപ്ലവകരമായ “നാനോ-മരുന്ന്’; മെഡിക്കൽ രംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടം

Current: മലയാളം

നവജാത ശിശുക്കളെ ബാധിക്കുന്ന മഞ്ഞപ്പിത്തത്തിന്റെ, നിയോനാറ്റൽ ഹൈപ്പർബിലിറൂബിനെമിയയുടെ ഉയർന്ന വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള ഓറൽ നാനോഡ്രഗിന്റെ വികസനവും വാണിജ്യ നിർമാണവും വേഗത്തിലാക്കാൻ ഇന്ത്യ.
നവജാതശിശുക്കളിൽ മഞ്ഞപ്പിത്തം വളരെ സാധാരണമാണ്, രക്തത്തിൽ ബിലിറൂബിൻ അടിഞ്ഞുകൂടുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. നേരിയ കേസുകൾ സാധാരണയായി സ്വയം മാറുമെങ്കിലും, കടുത്ത മഞ്ഞപ്പിത്തം ശിശുവിന്റെ തലച്ചോറിനെ ബാധിക്കാൻ സാധ്യതയേറെയാണ്.
എന്നാൽ ഇതിന്റെ ചികിത്സയ്ക്കായി, ഭാവിയിൽ സങ്കീർണമായ ഫോട്ടോതെറാപ്പി മെഷീനുകളോ, രക്തം മാറ്റിവെക്കലോ ഒന്നും വേണ്ടിവന്നേക്കില്ല! തുള്ളിമരുന്നായി വായിലൊഴിച്ചു കൊടുക്കാവുന്ന വിപ്ലവകരമായ ഒരു നാനോ-മരുന്ന് വികസിപ്പിച്ചെടുക്കുകയാണ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ. ഇതേക്കുറിച്ചുള്ള വിവരങ്ങൾ വിശദമായി നോക്കാം.
രക്തത്തിൽ ‘ബിലിറൂബിൻ’ അമിതമായി അടിഞ്ഞുകൂടുമ്പോഴാണ് കുഞ്ഞുങ്ങളിൽ മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. ഇത് തലച്ചോറിനെ ബാധിച്ചാൽ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാം.
നിലവിൽ ഇതിനായി ആശുപത്രികളിൽ ഫോട്ടോതെറാപ്പി ലൈറ്റുകളോ ചിലപ്പോൾ രക്തം മാറ്റിവെക്കലോ ആണ് ചെയ്യുന്നത്. എന്നാൽ ഗ്രാമീണ മേഖലകളിലും ചെറിയ പട്ടണങ്ങളിലും ഇതിനുള്ള ചികിത്സ ഇപ്പോഴും വെല്ലുവിളിയാണ്.
ഇതിനുള്ള പരിഹാരമായാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഈ പുതിയ ലിക്വിഡ് നാനോഡ്രഗ് വികസിപ്പിക്കുന്നത്. ലളിതമായ തുള്ളി മരുന്നായി വായിൽ ഒഴിച്ചുനൽകാവുന്നതാണ് മരുന്നത്. മരുന്ന് കുഞ്ഞിന്റെ ശരീരത്തിലെ ഹാനികരമായ ബിലിറൂബിനെ അപകടകരമല്ലാത്ത രീതിയിലേക്ക് മാറ്റി, കുഞ്ഞിന്റെ മലമൂത്ര വിസർജനത്തിലൂടെ സ്വാഭാവികമായി പുറന്തള്ളാൻ സഹായിക്കുന്നു.

പ്രാരംഭ പഠനങ്ങൾ പ്രകാരം, ഏതാനും മണിക്കൂറുകൾക്കുള്ളിൽ തലച്ചോറിലെ ടോക്സിനുകളുടെ അളവ് 85 ശതമാനം വരെ കുറയ്ക്കാൻ തുള്ളിമരുന്നിനു കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാങ്കേതികവിദ്യ വിപണിയിലെത്തിക്കുന്നതിനായി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി സഹകരിക്കാനുള്ള തയാറെടുപ്പിലാണ് ഐസിഎംആർ വലിയ സാങ്കേതികവിദ്യകളോ വൻ തുകയോ ഇല്ലാതെ തന്നെ, ഗ്രാമീണ മേഖലകളിലടക്കം വളരെ കുറഞ്ഞ ചെലവിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ഈ കണ്ടുപിടുത്തത്തിന് സാധിക്കും. മെഡിക്കൽ രംഗത്ത് ഇന്ത്യയുടെ വലിയൊരു കുതിച്ചുചാട്ടമാണിത്.






