‘നീതിന്യായ വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കാൻ ആർക്കും കഴിയില്ല’: പ്രതിപക്ഷത്തിൻ്റെ മാർച്ചിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം | Supreme Court
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ‘ഇന്ത്യ’ മുന്നണി നേതാക്കൾ സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിലും കോടതി വളപ്പിലെ പ്രതിഷേധങ്ങളിലും കടുത്ത അമർഷം രേഖപ്പെടുത്തി സുപ്രീം കോടതി. “നീതിന്യായ വ്യവസ്ഥയെ ഭയപ്പെടുത്താനോ സമ്മർദ്ദത്തിലാക്കാനോ ആർക്കും കഴിയില്ല” എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി.(Supreme Court Slams Rahul Gandhi India Bloc March Over SIR Petition)
എസ് ഐ ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് രാഹുൽ ഗാന്ധിയും മറ്റ് 10 പ്രതിപക്ഷ നേതാക്കളും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശങ്ങൾ. ഹർജിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ, മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ, നോട്ടീസ് അയച്ചു എന്നത് ഹർജിക്കാരുടെ പെരുമാറ്റത്തെ ന്യായീകരിക്കലോ അംഗീകരിക്കലോ അല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഹർജിക്കാരിൽ ഒരാളുടെ പെരുമാറ്റത്തെക്കുറിച്ച് വിശദീകരണം ചോദിക്കുമെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ പ്രതിഷേധങ്ങളിലൂടെയോ മാർച്ചുകളിലൂടെയോ കോടതിയെ സ്വാധീനിക്കാമെന്നത് വല്ലാത്ത ധാരണയാണെന്ന് കോടതി പറഞ്ഞു. “ഞങ്ങൾക്ക് പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും പ്രസ്താവനകളെക്കുറിച്ചും വ്യക്തമായ ബോധ്യമുണ്ട്” എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കളുടെ മാർച്ചിനെ തുടർന്ന് കോടതി പരിസരത്തുണ്ടായ പ്രതിഷേധത്തിന്റെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ നിർദ്ദേശം നൽകി.
കൂടാതെ, സുപ്രീം കോടതി പരിസരത്ത് പ്രകടനങ്ങൾ നടത്തുന്നതിന് നിയന്ത്രണം ആവശ്യപ്പെട്ടുള്ള പ്രത്യേക ഹർജിയിലും കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും മറ്റ് നേതാക്കൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ജസ്റ്റിസിനെ നേരിട്ട് കാണാൻ രാഹുൽ ഗാന്ധി അനുമതി തേടിയിരുന്നെങ്കിലും വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാൽ കൂടിക്കാഴ്ച സാധ്യമല്ലെന്ന് സി.ജെ.ഐ അറിയിക്കുകയായിരുന്നു. ഇതിനുശേഷമാണ് ഒക്ടോബർ 12-ന് പ്രതിപക്ഷ നേതാക്കൾ സുപ്രീം കോടതിയിലേക്ക് മാർച്ചും പ്രതിഷേധവും നടത്തിയത്.
Story Summary
The Supreme Court, while issuing notice on the petition filed by Rahul Gandhi and INDIA bloc leaders challenging the Election Commission’s Special Intensive Revision (SIR), sharply criticized their October 12 march to the apex court. Chief Justice of India Surya Kant asserted that “nobody can browbeat the judiciary,” emphasizing that issuing a notice to the ECI does not condone the conduct of the political leaders during the protest.




