‘സർക്കാർ എല്ലാവരുടേതുമാകണം, ഉമ്മൻചാണ്ടിക്ക് നേരിട്ട നീതിനിഷേധം മറക്കാനുള്ള പ്രായമായോ നേതാക്കളേ ?’: ആഞ്ഞടിച്ച് ജിന്റോ ജോൺ | CMRL Case

Current: മലയാളം

തിരുവനന്തപുരം: മാസപ്പടിക്കേസിൽ കേരള ഹൈക്കോടതിയിൽ പിണറായി വിജയന് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചതിനെതിരെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ കടുത്ത അമർഷവും അഭിപ്രായവ്യത്യാസങ്ങളും പുകയുന്നു. മാത്യു കുഴൽനാടൻ എംഎൽഎക്ക് പിന്നാലെ കോൺഗ്രസ് നേതാവ് ജിന്റോ ജോണും പിണറായി വിജയനും കുടുംബത്തിനും വേണ്ടി നിലപാട് ലളിതമാക്കുന്നതിനെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തി.(CMRL Case Congress Internal Rift Jinto John Reminds Oommen Chandy Injustice)
ഉമ്മൻ ചാണ്ടിയോട് അന്നത്തെ പിണറായി സർക്കാർ കാണിച്ച ക്രൂരമായ നീതിനിഷേധവും രാഷ്ട്രീയ വേട്ടയാടലുകളും കോൺഗ്രസ് നേതാക്കൾ മറന്നുപോയോ എന്ന് ജിന്റോ ജോൺ ചോദിച്ചു. നേരത്തെ വി.ഡി. സതീശൻ, കെ. സുധാകരൻ, മാത്യു കുഴൽനാടൻ എന്നിവരെ കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിച്ചതും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ചമർത്തിയതും മറന്നുകൊണ്ട് മാസപ്പടിക്കാർക്ക് ദാനം നൽകുന്ന ഔദാര്യമാകരുത് നിലപാടുകളെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി.
തെളിവുകളില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടും കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ സിബിഐ അന്വേഷണം ശുപാർശ ചെയ്ത സർക്കാരായിരുന്നു പിണറായിയുടേത്. ആ മനുഷ്യൻ അവസാന ശ്വാസം വരെ നീതി നിഷേധിക്കപ്പെട്ടാണ് കടന്നുപോയതെന്ന് നേതാക്കൾ മറക്കരുത്. പാർട്ടിക്കോട്ടകളിലെ സ്വന്തക്കാർക്ക് പോലും വേണ്ടാത്ത മാസപ്പടിക്കാരെ വെളുപ്പിച്ചെടുക്കാൻ കോൺഗ്രസിന്റെ ഖദറിൽ വാരിത്തേക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Growing resentment has surfaced within the Congress party over the government’s lenient legal stance towards Pinarayi Vijayan in the High Court regarding the ‘Massapadi’ case. Congress spokesperson Jinto John, echoing Mathew Kuzhalnadan, launched a scathing attack on party leadership, reminding them of the injustice faced by Oommen Chandy under the previous regime and urging the party not to shield Pinarayi Vijayan, T. Veena, and Mohammed Riyas from accountability.






