കിഫ്ബിയുടെ കൈവശമുള്ള 30,000 കോടി 6521 കോടിയായത് എങ്ങനെ ? തോമസ് ഐസക്കിന്റെ അവകാശവാദം പൊളിച്ചടുക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായി വിജയനും കെ.എൻ. ബാലഗോപാലും മറുപടി പറയണം. ബാധ്യത 32,000 കോടിയോളമെന്നും കണക്കുകൾ നിരത്തി ഫേസ്ബുക്ക് പോസ്റ്റ്

Current: മലയാളം

തിരുവനന്തപുരം: കിഫ്ബിയുടെ കൈവശം 30,000 കോടി രൂപ പണമായും നിക്ഷേപമായും ഉണ്ടെന്ന മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ വാദങ്ങൾക്ക് കണക്കുകൾ നിരത്തി മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഐസക് അവകാശപ്പെടുന്ന 30,000 കോടി രൂപ 2026 മാർച്ച് 31 ആയപ്പോഴേക്കും വെറും 6521 കോടിയായി ചുരുങ്ങിയത് എങ്ങനെയെന്ന് കിഫ്ബിയുടെ മുൻ ചെയർമാൻ കൂടിയായ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കിഫ്ബിയുടെ പ്രവർത്തനം മരവിപ്പിക്കുന്നതിലൂടെ സ്ഥാപനത്തിന്റെ കൈവശമുള്ള 30,000 കോടി രൂപ സ്വന്തമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നായിരുന്നു തോമസ് ഐസക്കിന്റെ ആരോപണം.
വിവിധ ഗ്രാന്റുകളും വായ്പകളുമായി ഈ ഭീമമായ തുക കിഫ്ബിയുടെ കൈവശമുണ്ടെന്നും, സ്വതന്ത്ര പ്രവർത്തനം തടസ്സപ്പെടുത്തിയാൽ ഈ പണം ട്രഷറിയിലേക്ക് മാറ്റാമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടലെന്നും ഐസക് ആരോപിച്ചിരുന്നു.
എന്നാൽ, കിഫ്ബിയുടെ വെബ്സൈറ്റിൽ ലഭ്യമായ ഔദ്യോഗിക ഓഡിറ്റ് രേഖകൾ തന്നെ മുൻനിർത്തിയാണ് മുഖ്യമന്ത്രി ഇതിന് മറുപടി നൽകിയത്. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് കിഫ്ബിയുടെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപ മാത്രമാണ്. ഇതിൽ 4,128 കോടി രൂപ സർക്കാരിന്റെ തന്നെ ട്രഷറി കോർപ്പസ് ഫണ്ടാണ്. ഇത് മാറ്റിവെച്ചാൽ കിഫ്ബിയുടെ യഥാർത്ഥ നിക്ഷേപം 6,521 കോടി രൂപ മാത്രമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ കിഫ്ബിയുടെ പണമായും നിക്ഷേപമായും ഉണ്ടായിരുന്നത് 6521 കോടി രൂപ മാത്രമാണെന്നിരിക്കെ, കിഫ്ബിയുടെ ആകെ കടബാധ്യത 32,000 കോടി രൂപയോളമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് തോമസ് ഐസക് പറയുന്ന ‘30,000 കോടി രൂപ’ എവിടെപ്പോയി എന്ന സുപ്രധാന ചോദ്യം ഉയരുന്നതെന്നും, ഇതിന് മുൻ സർക്കാരിന്റെ അമരക്കാരും ധനവകുപ്പ് കൈകാര്യം ചെയ്തവരും പൊതുസമൂഹത്തോട് മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സമഗ്ര അവലോകനത്തിനായുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ഇതിനു പിന്നാലെ മുന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് നടത്തിയ വാർത്താ സമ്മേളനത്തില് കിഫ്ബിയുടെ കൈവശം ‘30,000’ കോടി രൂപ പണമായും നിക്ഷേപമായും ഉണ്ടെന്നും ഇതിലാണ് ഈ സർക്കാരിന്റെ കണ്ണ് എന്നാണ് പറഞ്ഞിരിക്കുന്നത്.
എന്നാൽ കിഫ്ബിയുടെ വെബ്സൈറ്റിൽ ലഭ്യമായ ഓഡിറ്റ് രേഖകളിൽ നിന്നും 2026 മാർച്ച് 31ലെ കിഫ്ബിയുടെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപയാണ്. ഇതിൽ 4,128 കോടി രൂപ സർക്കാരിന്റെ തന്നെ ട്രഷറി കോർപ്പസ് ഫണ്ട് ആണ്. ഇത് കിഴിച്ചാൽ കിഫ്ബിയുടെ ആകെ നിക്ഷേപം 6,521 കോടി രൂപയാണ്.
ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കിഫ്ബിയുടെ പണമായും നിക്ഷേപമായും ഉണ്ടായിരുന്നത് 6521 കോടി രൂപയാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. പക്ഷെ, കിഫ്ബിയുടെ കടബാധ്യത 32,000 കോടി രൂപയോളമാണ്.
അങ്ങനെയെങ്കിൽ സുപ്രധാനമായ ഒരു ചോദ്യമുയരുന്നു. മുൻ മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞ കിഫ്ബിയുടെ കൈവശമുള്ള ‘30,000’ കോടി രൂപ 2026 മാർച്ച് 31 ആയപ്പോൾ 6521 കോടി ആയത് എങ്ങിനെ?
കിഫ്ബിയുടെ മുന് ചെയര്മാനും അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ പിണറായി വിജയനും മുൻ ധനമന്ത്രി കെ.എൻ ബാലഗോപാലും ഈ ചോദ്യത്തിന് മറുപടി നൽകണം.






