‘സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവ് നശിപ്പിക്കാനും സാധ്യത’; സുഹൈലിനടക്കം ജാമ്യം നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കി കോടതി | Nedumbassery Mini Cooper accident

Current: മലയാളം

കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിൽ പ്രതികൾക്ക് ജാമ്യം നിഷേധിച്ചതിന്റെ കാരണങ്ങൾ വ്യക്തമാക്കി അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (Nedumbassery Mini Cooper accident). അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികൾ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഒന്നാം പ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാല് പേരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്.
നേരിട്ട് ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ഡിജിറ്റൽ തെളിവുകളും നിർണായകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് സാമൂഹികവും സാമ്പത്തികവുമായ സ്വാധീനമുണ്ടെന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കാമെന്നും വിലയിരുത്തി. ഒക്ടോബർ 11-ന് നടന്ന അപകടത്തിൽ വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്.
അപകടസമയത്ത് ഒന്നാം പ്രതി മദ്യപിച്ചിരുന്നതായും അമിതവേഗത്തിലായിരുന്നു വാഹനമോടിച്ചതെന്നും വ്യക്തമാക്കുന്ന പ്രാഥമിക തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയതായി കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ റിപ്പോർട്ട് പ്രകാരം സുഹൈലിന്റെ രക്തസാമ്പിളിൽ 161 മില്ലിഗ്രാമും മൂത്രസാമ്പിളിൽ 230 മില്ലിഗ്രാമും മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മോട്ടോർ വാഹന നിയമപ്രകാരം അനുവദനീയമായ പരിധി 100 മില്ലിലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാം ആണെന്നും കോടതി ചൂണ്ടിക്കാട്ടി. പരമാവധി വേഗപരിധി മണിക്കൂറിൽ 60–70 കിലോമീറ്ററായിരുന്ന പൊതുറോഡിൽ മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിൽ വാഹനം ഓടിച്ചത് പൊതുസുരക്ഷയോടുള്ള ഗുരുതരമായ നിരുത്തരവാദപരമായ സമീപനമാണെന്നും കോടതി വിലയിരുത്തി. മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിക്കുന്നത് അപകടത്തിന് കാരണമാകുമെന്ന് ഡ്രൈവർക്ക് അറിയാമെന്ന നിരീക്ഷണത്തോടെ, ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ് പ്രകാരമുള്ള കുറ്റം പ്രാഥമികമായി നിലനിൽക്കുമെന്നും വ്യക്തമാക്കി.
കാറിലുണ്ടായിരുന്ന മറ്റ് പ്രതികൾ അമിതവേഗത്തിൽ വാഹനമോടിക്കാൻ സുഹൈലിനെ പ്രേരിപ്പിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു. പ്രതികളുടെ പങ്കാളിത്തം തുടർ അന്വേഷണത്തിലൂടെ ശേഖരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കേണ്ടതുണ്ട്. സുഹൈൽ സജീവ്, നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്.
Summary: An Angamaly court rejected the bail pleas of four accused in the Nedumbassery Mini Cooper crash that killed three people. The court cited the seriousness of the incident, preliminary evidence of drunken and high-speed driving, the ongoing investigation, and the risk of witnesses being influenced or evidence being destroyed.






