‘അങ്ങനെ മരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു’: ഫ്ലൈദുബായ് ആക്രമണത്തിലെ നടുക്കുന്ന നിമിഷങ്ങൾ ഓർത്തെടുത്ത് സ്മിത് മച്ചാർ | Flydubai Indian Pilot

Current: മലയാളം

അബുദാബി: സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിൽ ഒമാനി സഹപൈലറ്റിന്റെ അതിക്രൂരമായ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ ആ ഭീതിജനകമായ അനുഭവങ്ങൾ ഓർത്തെടുത്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ജീവൻ രക്ഷിച്ച സ്മിത് മച്ചാറിന്റെ ധീരത ലോകമെമ്പാടും വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.(Flydubai Indian Pilot Smit Machchhar Recalls Cockpit Axe Attack Horror)
അഭിമുഖത്തിലാണ് കോക്ക്പിറ്റിനുള്ളിൽ നടന്ന ഭയാനകമായ സംഭവങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രാർത്ഥിക്കാനായി എഴുന്നേറ്റ ഒമാനി കോപൈലറ്റ് ഹമാം അൽ ഹമ്മാമി പിന്നിലൂടെ വന്ന് തന്റെ തലയ്ക്ക് കോടാലി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് സ്മിത് മച്ചാർ പറഞ്ഞു. വിമാനത്തിലെ കമ്പ്യൂട്ടറിൽ സമയം പരിശോധിച്ചുകൊണ്ടിരിക്കെയാണ് പിന്നിൽ നിന്ന് ശക്തമായ പ്രഹരമേറ്റതെന്ന് മച്ചാർ പറഞ്ഞു. “പെട്ടെന്ന് തലയുടെ പിന്നിൽ വലിയൊരു അടികിട്ടി. എന്താണ് എന്നെ അടിച്ചതെന്ന് ആ നിമിഷം എനിക്ക് മനസ്സിലായില്ല. ബോധം മറഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നു ഞാൻ. എങ്കിലും അവസാന നിമിഷം ഞാൻ സ്വയം പറഞ്ഞു: ‘സ്മിത്, എന്തെങ്കിലും ചെയ്യ്. നിനക്ക് ഇങ്ങനെ മരിക്കാൻ കഴിയില്ല’.”
പരിക്കേറ്റിട്ടും ജീവൻ പണയം വെച്ച് സ്മിത് മച്ചാർ കോക്ക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്തു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ ഉള്ളിൽ കയറി ആക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് പതിച്ചെങ്കിലും വിമാനത്തിലുണ്ടായിരുന്ന മറ്റ് ഓഫ്-ഡ്യൂട്ടി പൈലറ്റുമാർ സമയോചിതമായി ഇടപെട്ട് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കി.
അക്രമത്തിന് ഇരയായ സ്മിത് മച്ചാറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അക്രമിയായ ഹമ്മാമിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തീവ്രവാദ ആശയങ്ങൾ പുലർത്തിയതിന് ഒമാനിൽ വിമാനം പറത്തുന്നതിൽ നിന്ന് വിലക്കുണ്ടായിരുന്ന ഹമ്മാമി എങ്ങനെ ഫ്ലൈ ദുബായിൽ ജോലിക്കെത്തി എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഫ്ലൈ ദുബായിലെ മറ്റ് രണ്ട് പൈലറ്റുമാരെക്കൂടി ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്മിത് മച്ചാറിന്റെ സമയോചിതമായ ഇടപെടലിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവർ അഭിനന്ദിച്ചിരുന്നു.
Story Summary
Indian Captain Smit Machchhar, who saved 174 passengers aboard a flydubai flight from Dubai to Tel Aviv, recalled how his Omani co-pilot attacked him with an axe inside the cockpit in an attempt to crash the plane. Despite severe injuries, Machchhar managed to open the cockpit door, allowing passengers to overpower the attacker before the aircraft safely landed in Saudi Arabia.






