അനധികൃത സ്പാകളെ പൂട്ടാൻ ‘ഓപ്പറേഷൻ സ്പാ’ ശക്തമാക്കി പോലീസ്. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ അടപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി. പെൺകുട്ടികളെ ചൂഷണം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയെന്നും ചെന്നിത്തല. സംസ്ഥാന വ്യാപകമായി വ്യാപക റെയ്ഡ് തുടരുന്നു. സ്പാകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ പ്രത്യേക നിയമനിർമ്മാണം പരിഗണനയിൽ

Current: മലയാളം

തിരുവനന്തപുരം: കേരളത്തിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ ‘ഓപ്പറേഷൻ സ്പാ’ എന്ന പേരിൽ പോലീസ് കർശന നടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
യാതൊരുവിധ ലൈസൻസോ ഉത്തരവാദിത്തമോ ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം മുഴുവൻ സ്ഥാപനങ്ങളും അടിയന്തരമായി പൂട്ടിക്കുമെന്നും ഉടമകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ മറവിലാണ് പല വ്യാജ സ്പാകളും മുളച്ചുപൊന്തുന്നത്. ആരാണ് ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കുന്നതെന്നോ അവിടെ എന്താണ് നടക്കുന്നതെന്നോ ഉള്ള വിവരങ്ങളിൽ യാതൊരു സുതാര്യതയുമില്ല.
കേരളത്തിനകത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും പെൺകുട്ടികളെ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് എത്തിച്ച ശേഷം ലൈംഗികമായി ചൂഷണം ചെയ്യുന്നതായി നിരവധി പരാതികളാണ് ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുള്ളത്. ഉപഭോക്താക്കളെ സാമ്പത്തികമായി കബളിപ്പിക്കുന്ന സംഘങ്ങളും ഇത്തരം കേന്ദ്രങ്ങൾ വഴി പ്രവർത്തിക്കുന്നുണ്ട്.
ഈ സാമൂഹിക വിപത്ത് തടയുന്നതിനായി കഴിഞ്ഞ മൂന്നു നാലു ദിവസമായി പോലീസ് സംസ്ഥാനത്തുടനീളം റെയ്ഡുകൾ നടത്തിവരികയാണെന്നും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കും.
പെൺകുട്ടികളെ മനുഷ്യക്കടത്തിൽ നിന്നും ലൈംഗിക ചൂഷണങ്ങളിൽ നിന്നും പൂർണ്ണമായി സംരക്ഷിക്കുന്നതിനും സ്പാകളുടെ പ്രവർത്തനം സുതാര്യവും നിയമാനുസൃതവുമാക്കുന്നതിനും പ്രത്യേക നിയമനിർമ്മാണം കൊണ്ടുവരുന്നത് സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.


