ടൈഗര്‍ ഷ്റോഫിന് നേരെയുള്ള വെടിവെപ്പ്; മൂന്ന് പേര് രാജസ്ഥാനില്‍ കസ്റ്റഡിയില്‍

Current: മലയാളം

മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്റോഫിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണോയെന്ന് വ്യക്തമല്ല.
ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടെ കോട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരില്‍ രണ്ട് പേര് ഹരിയാനക്കാരും ഒരാള്‍ ബിഹാറില്‍ നിന്നുള്ളയാളുമാണ്. മൂവരും ഗുണ്ടാസംഘമായ ബിഷ്ണോയി ഗ്യാങ്ങില്പെട്ടവരാണ്.
പിടിയിലായവരില്‍ രണ്ട് പേര് കൊലയാളികളെ വാടകക്കെടുത്തവരും മൂന്നാമത്തെയാള്‍ വെടിവെപ്പിന് ശേഷം രക്ഷപ്പെടാന്‍ സഹായിച്ചയാളുമാണ്. 22കാരനായ ഹൃത്വിക് കുമാര്‍, 18കാരനായ റെഹാന്, 17കാരനായ മറ്റൊരാള്‍ എന്നിവരാണ് പിടിയില്‍. പുണെ-ജയ്പൂര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പിടിയിലായത്.
ഇന്നലെ സന്ധ്യയോടെ മുംബൈ ജുഹൂവിലെ ഫുട്ബാള്‍ ഗ്രൗണ്ടില്‍ നിന്ന് താരം പുറത്തിറങ്ങുമ്പോഴാണ് വധശ്രമമുണ്ടായത്. ടൈഗര്‍ ഷ്റോഫിനെ കാണാന്‍ പുറത്ത് നിരവധി ആരാധകരെത്തിയിരുന്നു. ആരാധകര്‍ക്കിടയിലൂടെ താരത്തിന്റെ ബിഎംഡബ്ല്യു കാര്‍ പുറത്തേക്ക് വരുന്നതിനിടെയാണ് മൂന്നുപേര്‍ വെടിയുതിര്‍ത്തത്. ഏഴ് വട്ടം വെടിവെച്ചതായാണ് പൊലീസ് പറയുന്നത്. അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
ആക്രമണത്തില്‍ നടന് പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ക്കും സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോഡ്രൈവര്‍ക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു. നെഞ്ചില്‍ പരിക്കേറ്റ ഡ്രൈവറെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെടിവെപ്പിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയ് ഗ്യാങ് ഏറ്റെടുത്തിട്ടുണ്ട്. ലോറന്‍സ് ബിഷ്ണോയ് സംഘാംഗങ്ങളായ അനില്‍ പണ്ഡിറ്റും ഹര്‍മല്‍ സന്ധുവുമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സല്മാന് ഖാനുമായുള്ള സൗഹൃദമാണ് ടൈഗര്‍ ഷ്റോഫിനെ ലക്ഷ്യമിടാന്‍ കാരണമെന്നാണ് നിഗമനം. ഗുജറാത്തിലെ ജയിലില്‍ കഴിയുന്ന ബിഷ്ണോയ്, സല്മാന് ഖാനെ വധിക്കുമെന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.






