തെരഞ്ഞെടുപ്പ് കമ്മീഷനും എസ്ഐആറിനുമെതിരെ ഒക്ടോബർ 23ന് രാജ്യവ്യാപക ജനകീയ മാർച്ച്; പ്രതിഷേധത്തിന് ആഹ്വാനം | People Against SIR

Current: മലയാളം

ന്യൂഡൽഹി: ജനാധിപത്യ സംവിധാനങ്ങൾക്കെതിരായ കടന്നുകയറ്റങ്ങൾ ചെറുക്കാൻ രാജ്യത്തെ പൗരന്മാർ ഒന്നിക്കണമെന്ന് പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ സമിതി (People Against SIR). തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനും (SIR) എതിരെ ഒക്ടോബർ 23ന് രാജ്യവ്യാപകമായി ജനകീയ മാർച്ചും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് സമിതി പ്രഖ്യാപിച്ചു.
നടൻ പ്രകാശ് രാജ്, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകർ, കർഷക നേതാവ് രാകേഷ് ടിക്കായത്ത്, സാമൂഹിക പ്രവർത്തക അഞ്ജലി ഭരദ്വാജ്, ഗണേഷ് ദേവി, തുഷാർ ഗാന്ധി, അഭിജിത് ദിപ്കെ, നേഹ ബോറ, ഐഷി ഘോഷ്, വിരാജ് ദേവാംഗ് എന്നിവർ ഉൾപ്പെട്ട അഖിലേന്ത്യാ ഏകോപന സമിതിയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയത്.
രാജ്യതലസ്ഥാനത്തെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ മാതൃകയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനകീയ പ്രതിഷേധ കേന്ദ്രങ്ങൾ സജ്ജമാക്കാനാണ് തീരുമാനം. ‘ഓരോ കൈയിലും ത്രിവർണ പതാക, ഓരോ തെരുവിലും ഒരു ജന്തർ മന്തർ’ എന്ന മുദ്രാവാക്യമുയർത്തിയാകും പ്രക്ഷോഭം സംഘടിപ്പിക്കുക.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുകയും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയും വേണമെന്നാണ് സമിതിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ നടപടികൾ പൂർണമായും റദ്ദാക്കണമെന്നും പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ നിയമത്തിലെ വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്നും നിഷ്പക്ഷവും സുതാര്യവുമായ നടപടിക്രമത്തിലൂടെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്ക് പകരം പേപ്പർ ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്ന ആവശ്യവും സമിതി മുന്നോട്ടുവച്ചു. തെരഞ്ഞെടുപ്പ് സംവിധാനത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കി സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ ഉറപ്പാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
ഒക്ടോബർ 23ന് നടക്കുന്ന ജനകീയ മാർച്ചിലും അനുബന്ധ പ്രതിഷേധങ്ങളിലും സജീവമായി പങ്കെടുക്കാൻ ഇന്ത്യ സഖ്യത്തിലെ രാഷ്ട്രീയ പാർട്ടികളോടും സമിതി അഭ്യർഥിച്ചു.
ഒക്ടോബർ 14നാണ് വിവിധ സാമൂഹിക വിഭാഗങ്ങളുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടെ ‘പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ’ എന്ന കൂട്ടായ്മ രൂപീകരിച്ചത്. വിദ്യാർഥികൾ, യുവജനങ്ങൾ, കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകളാണ് കൂട്ടായ്മയുടെ ഭാഗമായത്.
തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കണമെന്ന ആവശ്യമുയർത്തിയാണ് രാജ്യവ്യാപക പ്രക്ഷോഭത്തിന് സമിതി ഒരുങ്ങുന്നത്.
Story Summary:The People Against SIR committee has called for nationwide protests on October 23 against the Election Commission and the Special Intensive Revision of electoral rolls. The committee demands the removal of Chief Election Commissioner Gyanesh Kumar, restoration of deleted voters, electoral reforms, and a return to paper ballots.






