ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയവർക്ക് നേരെ ആക്രമണം; ഒന്നരവയസുകാരിയുടെ മുഖത്തടിച്ചു, നാലുപേർ അറസ്റ്റിൽ | Sabarimala Pilgrims Attack

Current: മലയാളം

കൊല്ലം: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘത്തിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം (Sabarimala Pilgrims Attack). ഒന്നരവയസുകാരി ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. കൊട്ടാരക്കര കടലാവിലയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് തൃക്കണ്ണമംഗലം സ്വദേശികളായ പ്രണവ്, ഷിബിൻ, ശരത്, പ്രവീൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശബരിമലയിൽനിന്ന് മടങ്ങിയ കൊട്ടാരക്കര സ്വദേശികൾ സഞ്ചരിച്ച കാറും പ്രതികൾ സഞ്ചരിച്ച വാഹനവും തമ്മിൽ കൂട്ടിയിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അപകടത്തെച്ചൊല്ലി ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.
ആനന്ദ്, ശരത്, സൂര്യ, രമാദേവി, അനന്തു, ഒന്നരവയസുകാരിയായ ആത്മിക എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്. സംഘർഷത്തിനിടെ പിഞ്ചുകുഞ്ഞിന്റെ മുഖത്ത് അക്രമികൾ അടിച്ചതായും പരാതിയുണ്ട്.
കുഞ്ഞിനെ ആക്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരായ പഴക്കച്ചവടക്കാർ ഇടപെട്ട് സംഭവം ചോദ്യം ചെയ്തു. എന്നാൽ ഇവർക്കുനേരെയും പ്രതികൾ മർദനം അഴിച്ചുവിട്ടു. ഇതിനിടെ വാഹനത്തിന്റെ താക്കോൽ വലിച്ചെറിഞ്ഞതായും റിപ്പോർട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ സ്ഥലത്തെത്തിയ പൊലീസ് നാലുപേരെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതികൾ പ്രശ്നങ്ങൾ സൃഷ്ടിച്ചു.
ആക്രമണത്തിന്റെ ഗൗരവം കണക്കിലെടുത്ത് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Story Summary: Six people, including an 18-month-old girl, were injured in an alleged attack by an intoxicated group in Kottarakkara, Kollam, following a collision between two cars. Police arrested four suspects and filed charges including attempted murder.






