“നേപ്പാളിലേക്ക് കടന്നു, ഒടുവിൽ നാഗ്പുരിൽ പിടിയിൽ”: ലക്നൗ റെസ്റ്റോറന്റ് ഉടമയുടെ മരണത്തിൽ ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ | Shraddha Dubey Arrested

Current: മലയാളം

ലക്നൗ: റെസ്റ്റോറന്റ് ഉടമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ശ്രദ്ധ ദുബെ അറസ്റ്റിൽ (Shraddha Dubey Arrested). മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നാണ് ശ്രദ്ധയെയും സഹോദരി രശ്മി ദുബെയെയും ഡ്രൈവർ തൻവീർ അലി എന്ന ഡാനിഷിനെയും പൊലീസ് പിടികൂടിയത്. ഇന്ത്യയിലും നേപ്പാളിലുമായി നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് മൂന്നുപേരും പിടിയിലായത്.
ഒളിവിലായിരുന്ന ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നേപ്പാളിലേക്ക് കടന്ന സംഘം പിന്നീട് ഉത്തർപ്രദേശിലേക്ക് തിരിച്ചെത്തുകയും അവിടെനിന്ന് നാഗ്പുരിലേക്ക് യാത്ര ചെയ്യുന്നതിനിടെ പിടിയിലാകുകയുമായിരുന്നു.
ലക്നൗവിലെ ഹസ്രത്ഗഞ്ച് പ്രദേശത്തുള്ള അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽനിന്ന് വീണ് 28കാരനായ റെസ്റ്റോറന്റ് ഉടമ ശിവ ശർമ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഈ മാസം ഒൻപതിനായിരുന്നു സംഭവം. ശ്രദ്ധ ദുബെയുടെ അപ്പാർട്ട്മെന്റിൽനിന്നാണ് യുവാവ് താഴേക്ക് വീണത്.
ശ്രദ്ധയുടെ ലിവ് ഇൻ പങ്കാളിയായിരുന്നു ശിവ ശർമ. യുവാവിന്റെ മരണത്തിന് പിന്നിൽ ശ്രദ്ധയ്ക്കും മറ്റ് പ്രതികൾക്കും പങ്കുണ്ടെന്ന് ആരോപിച്ച് അമ്മ രഞ്ജന ശർമ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ശ്രദ്ധ, താൻ നിരപരാധിയാണെന്നും ശിവ ശർമ ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു വിശദീകരിച്ചത്.
കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ശ്രദ്ധയും സംഘവും നേപ്പാളിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവർ ഉപയോഗിച്ച കാർ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതും അന്വേഷണത്തിൽ നിർണായകമായി.
തുടർന്ന് ലക്നൗ പൊലീസ് നേപ്പാൾ പൊലീസുമായി ബന്ധപ്പെട്ട് പ്രതികളുടെ യാത്രാവിവരങ്ങളും സഞ്ചാരപാതയും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. ഇതിനിടെയാണ് മൂവരും നേപ്പാളിൽനിന്ന് ഉത്തർപ്രദേശിലേക്ക് മടങ്ങിയെത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്.
പ്രതികൾ നാഗ്പുരിലേക്ക് പോകാൻ പദ്ധതിയിടുന്നതായും പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെയും മഹാരാഷ്ട്ര പൊലീസിന്റെയും സഹകരണത്തോടെ ലക്നൗ പൊലീസ് നടത്തിയ നീക്കത്തിലാണ് മൂന്നുപേരെയും പിടികൂടിയത്.
അറസ്റ്റിലായവരെ ലക്നൗവിലേക്ക് കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം. ശിവ ശർമയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും കേസിലെ പ്രതികളുടെ പങ്കും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
Story Summary: Social media influencer and model Shraddha Dubey, her sister Rashmi Dubey, and driver Tanveer Ali were arrested in Nagpur in connection with the death of Lucknow restaurant owner Shiv Sharma. The 28-year-old died after falling from the fourth floor of an apartment. Police registered a murder case following allegations by his mother, while Shraddha has denied involvement and claimed the death was a suicide.






