ഇടുക്കിയിൽ കനത്ത മഴ; കല്ലാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറക്കും, അടിമാലി–മൂന്നാർ പാതയിൽ ഗതാഗത നിരോധനം | Idukki Heavy Rain

Current: മലയാളം

ചെറുതോണി: തുലാവർഷം ശക്തിപ്രാപിച്ചതോടെ ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖലകളിൽ കനത്ത മഴ തുടരുന്നു (Idukki Heavy Rain). ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതിനെ തുടർന്ന് ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തിൽ കല്ലാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാൻ അധികൃതർ തീരുമാനിച്ചു. അതേസമയം, കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ കൂറ്റൻ പാറ വീണതിനെ തുടർന്ന് അടിമാലി–മൂന്നാർ റൂട്ടിൽ വാഹനഗതാഗതത്തിന് പൂർണ നിരോധനം ഏർപ്പെടുത്തി.
കല്ലാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറക്കും
ചൊവ്വാഴ്ച രാത്രി എട്ടുമണി മുതൽ കല്ലാർ ഡാമിന്റെ നാല് ഷട്ടറുകളും 20 സെന്റിമീറ്റർ വീതം ഉയർത്താനാണ് തീരുമാനം. വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ ലഭിക്കുന്നതും ജലനിരപ്പ് റെഡ് അലർട്ട് പരിധിയിലേക്ക് ഉയരുന്നതുമാണ് മുൻകരുതൽ നടപടിക്ക് കാരണം.
ഡാമിലെ നിലവിലെ ജലനിരപ്പ് 821 മീറ്ററാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 824.48 മീറ്ററാണ് പരമാവധി ജലനിരപ്പ്. ഷട്ടറുകൾ തുറക്കുന്നതോടെ സെക്കൻഡിൽ പരമാവധി 80 ഘനമീറ്റർ (80 ക്യുമെക്സ്) വെള്ളം പുറത്തേക്ക് ഒഴുക്കിവിടും.
വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലുള്ളവർ അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണം.
ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
ദേശീയപാതയിൽ കൂറ്റൻ പാറ വീണു; ഗതാഗതം പൂർണമായി നിരോധിച്ചു
കൊച്ചി–ധനുഷ്കോടി ദേശീയപാത 85ൽ അടിമാലി–മൂന്നാർ റൂട്ടിലെ രണ്ടാം മൈലിലാണ് കൂറ്റൻ പാറ റോഡിലേക്ക് പതിച്ചത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾക്കിടെ കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.
പാറ വീണതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി തടസ്സപ്പെട്ടു. പ്രദേശത്ത് അപകടകരമായ നിലയിൽ മറ്റു പാറകളും വലിയ മരങ്ങളും നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയതെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.
റോഡിലേക്ക് പതിച്ച കൂറ്റൻ പാറ പൊട്ടിച്ചുനീക്കുന്നതിനൊപ്പം അപകടസാധ്യതയുള്ള മറ്റു പാറകളും മരങ്ങളും സുരക്ഷിതമായി നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനായി ഏകദേശം മൂന്ന് ദിവസമെടുക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അടിമാലി–മൂന്നാർ യാത്രക്കാർക്ക് ബദൽ വഴികൾ
ഗതാഗത നിരോധനത്തെ തുടർന്ന് വാഹനങ്ങൾക്കായി ബദൽ യാത്രാമാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്.
മൂന്നാറിൽ നിന്ന് അടിമാലിയിലേക്ക്: രണ്ടാം മൈലിൽനിന്ന് ആനച്ചാൽ, ഇരുട്ടുകാനം വഴി അടിമാലിയിലെത്താം.
അടിമാലിയിൽ നിന്ന് മൂന്നാറിലേക്ക്: ഇരുട്ടുകാനത്തുനിന്ന് ആനച്ചാൽ വഴി രണ്ടാം മൈലിലെത്തി മൂന്നാറിലേക്ക് യാത്ര തുടരാം.
മാങ്കുളം ഭാഗത്തേക്ക്: ഇരുട്ടുകാനത്തുനിന്ന് കല്ലാർ ജംഗ്ഷനിലെത്തി മാങ്കുളത്തേക്ക് തിരിയണം.
സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം ഗതാഗതം പുനരാരംഭിക്കും
ദേശീയപാതയിലെ തടസ്സങ്ങൾ നീക്കി മൂന്ന് ദിവസത്തിനകം ആവശ്യമായ പ്രവൃത്തികൾ പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) പ്രോജക്ട് ഡയറക്ടർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
എന്നാൽ പ്രവൃത്തികൾ പൂർത്തിയായാലും സുരക്ഷാ പരിശോധനയ്ക്ക് ശേഷമേ വാഹനഗതാഗതം പുനരാരംഭിക്കൂ. വിദഗ്ധ സാങ്കേതിക സമിതി പ്രദേശത്തെ അപകടസാധ്യത പൂർണമായും ഒഴിവായെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഹൈറേഞ്ച് മേഖലകളിലൂടെയുള്ള യാത്രകളിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Story Summary: Heavy rainfall in Idukki has prompted authorities to announce the opening of four shutters of Kallar Dam, with up to 80 cumecs of water expected to be released. Meanwhile, a massive rockfall has forced the complete closure of the Adimali–Munnar stretch of NH 85 near Second Mile. Alternative routes have been announced, and traffic will resume only after safety clearance.






