‘CJPയെ പിന്തുണയ്ക്കുന്നില്ല, പക്ഷേ ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് അവകാശമുണ്ട്’: K അണ്ണാമലൈ | K Annamalai

Current: മലയാളം

ചെന്നൈ: കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന കടുത്ത നടപടികളെ വിമർശിച്ചതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി തമിഴ്നാട് മുൻ ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമലൈ. അഭിജിത് ദിപ്കെ നേതൃത്വം നൽകുന്ന സി.ജെ.പിയെ താൻ പിന്തുണയ്ക്കുന്നില്ലെന്നും എന്നാൽ ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള എല്ലാവരുടെയും അവകാശത്തെയാണ് താൻ അനുകൂലിച്ചതെന്നും അണ്ണാമലൈ വ്യക്തമാക്കി. തന്റെ പുതിയ പ്രസ്ഥാനമായ ‘വി ദി ലീഡേഴ്സ്’ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(K Annamalai Clarifies Stance On CJP Protests Rejects Support But Defends Democratic Rights)
“ഞങ്ങൾ ഒരിക്കലും കോക്ക്റോച്ച് ജനതാ പാർട്ടിയെ പിന്തുണയ്ക്കുന്നില്ല. അവരുടെ രാഷ്ട്രീയ അജണ്ടയും ഞങ്ങളുടെ നിലപാടുകളും വ്യത്യസ്തമാണ്. എന്നാൽ ഒരു ജനാധിപത്യ സംവിധാനത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സമരം ചെയ്യാനുള്ള അവകാശമുണ്ട്” – അണ്ണാമലൈ പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10-ന് സി.ജെ.പി. പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന് നേരെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടിയെയാണ് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈ വിമർശിച്ചത്. ഇത് ബി.ജെ.പി. നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി, ദേശസ്നേഹത്തെക്കുറിച്ച് തനിക്ക് ആരുടെയും ക്ലാസ് ആവശ്യമില്ലെന്ന് അണ്ണാമലൈ തിരിച്ചടിച്ചു.
രാജ്യത്തിന്റെ ഐക്യവും പരമാധികാരവും തനിക്ക് നന്നായി അറിയാമെന്നും സി.ജെ.പി പ്രവർത്തകർ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ബി.ജെ.പി വിദ്വേഷപരമായ സമീപനം സ്വീകരിക്കാതെ നിയമപരമായി മാത്രം നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടെങ്കിൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടപടിയെടുക്കണമെന്നും അല്ലാതെ എക്സിൽ വ്യാജ പ്രചാരണങ്ങൾ നടത്തുകയല്ല വേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു.
നരേന്ദ്ര മോദി മികച്ച ഭരണമാണ് കാഴ്ചവെക്കുന്നതെന്ന് പുകഴ്ത്തിയ അണ്ണാമലൈ, എന്നാൽ തെറ്റ് കണ്ടാൽ ചോദ്യം ചെയ്യുന്നതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും വ്യക്തമാക്കി. സി.ജെ.പിയുടെ കടന്നാക്രമണങ്ങളെ ചെറുക്കുന്നതിന് പകരം സൗജന്യ പബ്ലിസിറ്റി നൽകി ബി.ജെ.പി തന്നെയാണ് അവരെ വളർത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Summary
Former Tamil Nadu BJP chief K. Annamalai clarified that his criticism of the Centre’s police action against Cockroach Janta Party (CJP) protesters should not be seen as support for the Abhijeet Dipke-led party. Speaking at a ‘We the Leaders’ event, Annamalai defended democratic protest rights, urged legal due process over political vindictiveness, and traded barbs with the BJP leadership while maintaining that he would continue to question the government when necessary.






