ബെംഗളൂരു–മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അടുത്ത മാസം; യാത്രാസമയം 16 മണിക്കൂറായി കുറയുമെന്ന് റിപ്പോർട്ട് | Bengaluru Mumbai Vande Bharat sleeper train

Current: മലയാളം

ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിൽ രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അടുത്ത മാസം ആദ്യം സർവീസ് ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആറുമാസം മുമ്പ് അംഗീകാരം നൽകിയ പദ്ധതിയാണിത് (Bengaluru Mumbai Vande Bharat sleeper train). എന്നാൽ, സർവീസ് ആരംഭിക്കുന്ന തീയതി സംബന്ധിച്ച് റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല. 16 കോച്ചുകളുള്ള ട്രെയിനിൽ ആകെ 823 ബെർത്തുകളുണ്ടാകും. 11 എസി ത്രീ-ടയർ കോച്ചുകൾ, നാല് എസി ടു-ടയർ കോച്ചുകൾ, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച് എന്നിവയാണ് ക്രമീകരിക്കുക. ആഴ്ചയിൽ ആറു ദിവസം സർവീസ് നടത്താനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ.
ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽനിന്ന് രാത്രി 10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 1.50ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈയിൽനിന്ന് രാത്രി 10.30ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 2.50ന് ബെംഗളൂരുവിലെത്തുന്ന രീതിയിലാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. 1,118 കിലോമീറ്റർ ദൂരം ഏകദേശം 16 മണിക്കൂറിനുള്ളിൽ പിന്നിടാനാകുമെന്നാണ് റിപ്പോർട്ട്.
നിലവിൽ ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിലെ പ്രധാന പ്രതിദിന നേരിട്ടുള്ള ട്രെയിനായ ഉദ്യാൻ എക്സ്പ്രസിന് യാത്ര പൂർത്തിയാക്കാൻ ഏകദേശം 24 മണിക്കൂർ വേണം. പുതിയ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് യാഥാർഥ്യമായാൽ യാത്രാസമയം ഗണ്യമായി കുറയും. യാത്രാനിരക്ക് എസി ത്രീ-ടയറിന് 2,600 രൂപ മുതലും എസി ഫസ്റ്റ് ക്ലാസിന് 4,250 രൂപ വരെയുമാകാമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, അന്തിമ നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ല.
നിലവിൽ ഹൗറ–കാമാഖ്യ റൂട്ടിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് പ്രവർത്തിക്കുന്നത്. ആദ്യ മൂന്ന് മാസത്തിനിടെ 119 സർവീസുകളിലായി 1.21 ലക്ഷം യാത്രക്കാരെ വഹിച്ച ഈ ട്രെയിനിൽ നൂറു ശതമാനത്തിലധികം യാത്രക്കാരുടെ സാന്നിധ്യം രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. പുതിയ ബെംഗളൂരു–മുംബൈ സർവീസും ദീർഘദൂര രാത്രി യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ സാധ്യതയൊരുക്കുമെന്നാണ് പ്രതീക്ഷ.
Summary: The Bengaluru–Mumbai Vande Bharat sleeper train is expected to launch early next month, according to reports, though Indian Railways has not issued an official notification. The proposed 16-coach train is expected to cover the 1,118-km route in around 16 hours, with fares reportedly ranging from ₹2,600 to ₹4,250.






