ചൈനയിലെത്തി കിം ജോങ് ഉൻ; സന്ദർശനം പുതിയ അതിർത്തി പാലം വഴി | Kim Jong Un China visit

Current: മലയാളം

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനയിലെ അതിർത്തി നഗരമായ ഡാൻഡോങ്ങിലെത്തിയതായി ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ്പിനെ ഉദ്ധരിച്ച് റിപ്പോർട്ട്. ശനിയാഴ്ച പുതിയ യാലു നദി പാലം വഴിയാണ് കിം ചൈനയിലെത്തിയതെന്നാണ് ദക്ഷിണ കൊറിയൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. (Kim Jong Un China visit)
ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാലം ഔദ്യോഗികമായി തുറന്ന് ഒരാഴ്ചയോളം പിന്നിടുമ്പോഴാണ് കിമ്മിന്റെ സന്ദർശനം. 2014ൽ നിർമാണം പൂർത്തിയായ നാലുവരി പാലം റോഡുകളുടെയും കസ്റ്റംസ് സൗകര്യങ്ങളുടെയും അഭാവം കാരണം തുറന്നുകൊടുക്കുന്നത് വൈകുകയായിരുന്നു. പാലം തുറന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. ഉത്തരകൊറിയയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് ചൈന. സാമ്പത്തിക, നയതന്ത്ര, രാഷ്ട്രീയ മേഖലകളിൽ ഉത്തരകൊറിയയ്ക്ക് ചൈനയുടെ പിന്തുണ നിർണായകമാണ്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇടയ്ക്കിടെ അസ്വാരസ്യങ്ങളും ഉണ്ടായിട്ടുണ്ട്. 2025 സെപ്റ്റംബറിൽ ബെയ്ജിങ്ങിൽ നടന്ന രണ്ടാം ലോകമഹായുദ്ധത്തിലെ വിജയത്തിന്റെ 80-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കിം അവസാനമായി ചൈന സന്ദർശിച്ചതായി റിപ്പോർട്ടുകളുള്ളത്. അന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വർഷം ജൂണിൽ ഷി ഉത്തരകൊറിയയിൽ ഔദ്യോഗിക സന്ദർശനം നടത്തിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെട്ടത്.
Summary: North Korean leader Kim Jong Un has arrived in the Chinese border city of Dandong via the newly opened New Yalu River Bridge, according to South Korean media reports. The visit comes amid efforts to strengthen economic and diplomatic ties between China and North Korea.






