പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും നീക്കാനുള്ള ഗവർണറുടെ അസാധാരണ ശുപാർശയിൽ സംസ്ഥാന രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ്. ശുപാർശ നൽകാൻ ഗവർണർക്ക് അധികാരമില്ലെന്നും നടപടി ഭരണഘടനാ വിരുദ്ധമെന്നും പിണറായി വിജയൻ. നടപടിക്രമങ്ങൾ ആർട്ടിക്കിൾ 317 പ്രകാരം സുപ്രീം കോടതിയിലേക്ക്. എൽ.ഡി.എഫിന് കനത്ത രാഷ്ട്രീയ സമ്മർദ്ദം

Current: മലയാളം

തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും പദവിയിൽ നിന്നും നീക്കം ചെയ്യാൻ ഭരണഘടനയുടെ 317-ാം അനുച്ഛേദം പ്രകാരം ഗവർണർ നൽകിയ ശുപാർശ സംസ്ഥാന രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റഴിച്ചിരിക്കുകയാണ്.
എൽ.ഡി.എഫ് ഭരണകാലത്ത് ഉയർന്ന നിയമന-മൂല്യനിർണ്ണയ ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഈ അസാധാരണ നടപടി. ഗവർണറുടെ നടപടിയുടെ ഭരണ ഘടനാപരവും നിയമപരവുമായ സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.
ശുപാർശ നൽകാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിക്കുന്ന വാദം. ഗവര്‍ണ്ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണെന്ന് പിണറായി വിമർശിച്ചു.
“കാലാവധിക്കകം ഒരംഗത്തെ നീക്കം ചെയ്യണമെങ്കില്‍ ആര്‍ട്ടിക്കിള്‍ 317 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഒരംഗത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രവര്‍ത്തി ദോഷം സംബന്ധിച്ച പരാതിയിൽ സുപ്രീം കോടതി ഒരു അന്വേഷണ വിചാരണ നടത്തി ചെയര്‍മാനേയും അംഗങ്ങളെയും നീക്കം ചെയ്യേണ്ടതാണെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മാത്രമേ, രാഷ്ട്രപതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ. അത്തരത്തിലൊരു അന്വേഷണ വിചാരണയും കേരളത്തിലെ പി.എസ്.സി അംഗങ്ങള്‍ക്കെതിരായി സുപ്രീംകോടതിയില്‍ നടന്നിട്ടില്ല.
അതുകൊണ്ടുതന്നെ ഗവര്‍ണ്ണര്‍ക്ക് ഇത്തരത്തിലൊരു ഒരു ശിപാര്‍ശ നടത്താന്‍ ഭരണഘടനാപരമായി യാതൊരു അധികാരവുമില്ല. സ്ഥാനം ഒഴിഞ്ഞ ഗവര്‍ണ്ണര്‍ പോകുന്ന പോക്കില്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ നിയമ വിരുദ്ധ ഇടപെടലുകളുടെ തുടര്‍ച്ചയായി ഇത്തരത്തിലൊരു ശിപാര്‍ശ നടത്തിയതായാണ് മനസ്സിലാക്കുന്നത്.”പിണറായി വിമർശിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം ഒരു സംസ്ഥാന പി.എസ്.സി ചെയർമാനെയോ അംഗങ്ങളെയോ നേരിട്ട് പുറത്താക്കാൻ ഗവർണർക്കോ സംസ്ഥാന സർക്കാരിനോ അധികാരമില്ല എന്നത് വസ്തുതയാണ്.നടപടി ക്രമം പാലിച്ച് മാത്രമേ രാഷ്ട്രപതിക്ക് തീരുമാനം എടുക്കാനാകു.
ഗവർണറുടെ ശുപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി രാഷ്ട്രപതിക്ക് ലഭിച്ച ശേഷം, ഗുരുതരമായ പ്രവർത്തിദോഷം ആരോപിക്കപ്പെട്ട വിഷയത്തിൽ അന്വേഷണം നടത്താൻ രാഷ്ട്രപതി കേസ് സുപ്രീം കോടതിക്ക് റഫർ ചെയ്യണം. വിഷയത്തിൽ സുപ്രീം കോടതി അന്വേഷണം നടത്തുന്ന കാലയളവിൽ ചെയർമാനെയും അംഗങ്ങളെയും പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്.
ഒരു സുപ്രീം കോടതി ബെഞ്ച് ആരോപണങ്ങളിൽ വിശദമായ തെളിവെടുപ്പും വിചാരണയും നടത്തും. ആരോപണം ശരിവെച്ച് സുപ്രീം കോടതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ രാഷ്ട്രപതിക്ക് ഇവരെ സ്ഥാനത്തുനിന്ന് പുറത്താക്കി ഉത്തരവിറക്കാൻ സാധിക്കൂ.
മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലഘട്ടത്തിൽ പി.എസ്.സിക്ക് നേരെ പരമ്പരപോലെ ഉയർന്നുവന്ന ആരോപണങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് ആധാരം.
പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണ്ണയത്തിൽ വൻ ക്രമക്കേടുകൾ നടന്നതായും, യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യാതെ ഒഴിവാക്കിയെന്നുമുള്ള ഗുരുതര ആക്ഷേപങ്ങൾ ഉയർന്നു.
ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളിൽ ഉത്തരക്കടലാസ് പകർപ്പുകൾ ചോദിച്ച ഉദ്യോഗാർത്ഥികൾക്ക് വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങൾ വർഷങ്ങളോളം വൈകിപ്പിച്ചെന്ന കണ്ടെത്തലുകളും പുറത്തുവന്നിരുന്നു.ഭരണത്തിലിരിക്കെ നിയമിച്ച പി.എസ്.സിക്ക് എതിരെ ഉയരുന്ന ആക്ഷേപങ്ങളും പിരിച്ചുവിടൽ ശുപാർശയും നിലവിൽ പ്രതിപക്ഷത്തിരിക്കുന്ന സി.പി.എമ്മിനും എൽ.ഡി.എഫിനും വലിയ രാഷ്ട്രീയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.
ഗവർണറുടെ നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുകയല്ലാതെ പാർട്ടിക്കും മുന്നണിക്കും മുന്നിൽ മറ്റ് മാർഗങ്ങളില്ല.എന്നാൽ അതിന് തുനിയുമ്പോൾ പൊതുസമൂഹത്തിൻെറ പിന്തുണ കിട്ടാനിടയില്ല. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ആശ്രയിക്കുന്ന പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ എൽ.ഡി.എഫിന്റെ വിശ്വാസ്യതക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്.
അധികാരത്തിലിരുന്നപ്പോൾ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിച്ചു എന്ന ആരോപണം രാഷ്ട്രീയമായി പ്രതിരോധിക്കുന്നതും പ്രയാസമാകും. കേവലം രാഷ്ട്രീയ വൈരനിര്യാതനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരും ഗവർണറും ചേർന്ന് നടത്തുന്ന നീക്കമാണിതെന്ന് വാദിക്കാൻ സി.പി.എം ശ്രമിക്കുമെങ്കിലും, കോടതി ഇടപെടൽ വന്നാൽ അത് കൂടുതൽ തിരിച്ചടിയാകും.
ഗവർണറുടെ ഈ നടപടി കേവലം ഒരു ഭരണഘടനാ നടപടിക്രമം എന്നതിലുപരി, കേരളത്തിലെ പി.എസ്.സി നിയമനങ്ങളുടെ സുതാര്യതയെ കുറിച്ചുള്ള വലിയ ചോദ്യങ്ങളിലേക്ക് വിരൽചൂണ്ടുന്നു. വരും ദിവസങ്ങളിൽ സുപ്രീം കോടതിയിലേക്ക് വിഷയം എത്തുന്നതോടെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പോരാട്ട ഭൂമിയായി പി.എസ്.സി വിഷയം മാറും.






