‘നേതാജിയെ പരിഹാസപാത്രമാക്കി’; പ്രഭാസിന്റെ ‘ഫൗസി’ ടീസറിനെതിരെ രൂക്ഷ വിമർശനം | Prabhas Fauzi teaser controversy

Current: മലയാളം

പ്രഭാസ് നായകനാകുന്ന ‘ഫൗസി’ സിനിമയുടെ ടീസറിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ അവതരിപ്പിച്ച രീതിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബർ 23നാണ് അണിയറപ്രവർത്തകർ ടീസർ പുറത്തിറക്കിയത്. ചരിത്രപുരുഷനായ നേതാജിയെ നായകകഥാപാത്രത്തിന്റെ വീര്യം ഉയർത്തിക്കാട്ടാനുള്ള ഉപാധിയായി ഉപയോഗിച്ചുവെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വിമർശനം. (Prabhas Fauzi teaser controversy)
ടീസറിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറുമായി നേതാജി കൂടിക്കാഴ്ച നടത്തുന്ന രംഗമുണ്ട്. പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് നേതാജി സംസാരിക്കുന്നതും ഭഗവദ്ഗീതയെ അടിസ്ഥാനമാക്കിയുള്ള കോഡ് ഉപയോഗിക്കുന്നതിനെക്കുറിച്ച് പരാമർശിക്കുന്നതും ടീസറിലുണ്ട്. ചരിത്രസംഭവത്തെ അടിസ്ഥാനമാക്കിയുള്ള രംഗത്തിൽ സാങ്കൽപ്പിക ഘടകങ്ങൾ ചേർത്തത് നേതാജിയുടെ പ്രതിച്ഛായയെ അപമാനിക്കുന്നതാണെന്നാണ് വിമർശകരുടെ വാദം. നേതാജിയെ നായകനെ പുകഴ്ത്താനുള്ള ഒരു സഹകഥാപാത്രമായി ചിത്രീകരിക്കരുതായിരുന്നുവെന്നും ടീസറിൽ അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ കഥയുടെ യുക്തിയെപ്പോലും ചോദ്യം ചെയ്യുന്നതാണെന്നും ചിലർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടവരുമുണ്ട്.
അതേസമയം, ‘ഫൗസി’ ഒരു സാങ്കൽപ്പിക കഥയാണെന്നും യഥാർഥ ചരിത്രകഥാപാത്രങ്ങളെ ഉൾപ്പെടുത്തിയതുകൊണ്ട് മാത്രം സിനിമയെ വിമർശിക്കേണ്ടതില്ലെന്നും പ്രഭാസിന്റെ ചില ആരാധകർ വാദിച്ചു. ടീസറിലെ ആക്ഷൻ രംഗങ്ങളും പ്രഭാസിന്റെ കഥാപാത്രത്തിന്റെ അവതരണവും ആവേശത്തോടെയാണ് മറ്റു ചിലർ സ്വീകരിച്ചത്.
ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സാണ് നിർമിക്കുന്നത്. ടീസറിൽ പ്രഭാസ് മാതൃരാജ്യത്തിനായി പോരാടാൻ തയ്യാറായ കൊൽക്കത്തക്കാരനായ സൈനികനായാണ് പ്രത്യക്ഷപ്പെടുന്നത്. 1932 മുതൽ തിരയുന്ന വിമത സൈനികൻ എന്ന സൂചന നൽകുന്ന പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ചിത്രം 2027 മാർച്ച് 19ന് തിയേറ്ററുകളിലെത്തും.
Summary: Prabhas’s upcoming film Fauzi has faced social media backlash over its portrayal of Netaji Subhas Chandra Bose in the teaser. Critics objected to the historical figure being used to elevate the lead character, while some fans defended the film as a fictionalised story. Directed by Hanu Raghavapudi, Fauzi is scheduled for release on March 19, 2027.






