മന്ത്രിമാർക്കും പേഴ്സണൽ സ്റ്റാഫിനുമായി 7 കോടിയുടെ ഐപാഡുകൾ വാങ്ങുന്നു; 480 എണ്ണത്തിന് കെൽട്രോൺ ടെൻഡർ | Kerala government ₹7 crore iPad purchase

Current: മലയാളം

തിരുവനന്തപുരം: മന്ത്രിമാർക്കും പേഴ്സണൽ സ്റ്റാഫിനും നൽകുന്നതിനായി ഏകദേശം ഏഴ് കോടി രൂപ ചെലവിട്ട് 480 ഐപാഡുകൾ വാങ്ങാൻ സർക്കാർ നീക്കം (Kerala government ₹7 crore iPad purchase). പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഒക്ടോബർ 16ന് ഇതുമായി ബന്ധപ്പെട്ട ഇ-ടെൻഡർ ക്ഷണിച്ചു. ഉയർന്ന ശ്രേണിയിലുള്ള മൂന്ന് മോഡലുകളാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്.
15 ഇഞ്ച് ഐപാഡ് പ്രോ, 13 ഇഞ്ച് ഐപാഡ് പ്രോ, 11 ഇഞ്ച് ഐപാഡ് (A16) എന്നിവയാണ് ടെൻഡറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ മോഡലിലും 160 എണ്ണം വീതം ആകെ 480 ഐപാഡുകൾ വാങ്ങാനാണ് പദ്ധതി.
സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവിനെച്ചൊല്ലി വിമർശനം
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഐപാഡുകൾ വാങ്ങാനുള്ള നീക്കം. വിവിധ വകുപ്പുകളോട് ചെലവുകൾ ചുരുക്കണമെന്ന് ധനവകുപ്പ് ആവർത്തിച്ച് നിർദേശിക്കുന്ന സാഹചര്യത്തിൽ ഇത്രയും തുക ചെലവിടുന്നതിനെതിരെ വിമർശനം ഉയരുന്നുണ്ട്.
മന്ത്രിമാർക്കും എംഎൽഎമാർക്കും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇത്തരം ഉപകരണങ്ങൾ വാങ്ങുന്ന രീതിയുണ്ടെങ്കിലും പേഴ്സണൽ സ്റ്റാഫിനും ഉൾപ്പെടെ ഇത്രയധികം ഐപാഡുകൾ വാങ്ങുന്നത് എന്തിനാണെന്ന ചോദ്യം ഉയരുന്നു. സ്റ്റാഫിലെ ഭൂരിഭാഗം പേർക്കും ഇത്തരം ഉപകരണങ്ങൾ ആവശ്യമായ ജോലി ചെയ്യേണ്ടതില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
ഉപകരണങ്ങൾ വാങ്ങാനുള്ള ചെലവുപരിധി ഉയർത്തിയതിന് പിന്നാലെ
മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും വാങ്ങുന്നതിനുള്ള ചെലവുപരിധി അടുത്തിടെ സർക്കാർ ഉയർത്തിയിരുന്നു. നേരത്തേ 1.5 ലക്ഷം രൂപയായിരുന്ന പരിധി രണ്ട് ലക്ഷം രൂപയാക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് കോടികൾ ചെലവഴിച്ചുള്ള ഐപാഡ് വാങ്ങലിന് ടെൻഡർ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഉപകരണങ്ങൾ വാങ്ങുന്നതിന്റെ ആവശ്യകതയും ചെലവിന്റെ ന്യായീകരണവും സംബന്ധിച്ച് ചർച്ചകൾക്ക് വഴിവെക്കുന്നതാണ് നടപടി.
Story Summary:
The Kerala government has initiated an e-tender through public-sector company Keltron to procure 480 iPads at an estimated cost of ₹7 crore for ministers and their personal staff. The tender covers three models, with 160 units of each. The proposed purchase has drawn criticism amid the state’s financial constraints and recent instructions to departments to control expenditure.






