നിയമപ്പോരാട്ടത്തിലൂടെ കള്ളുഷാപ്പുകളിലെ തൊഴിൽ വിലക്ക് നീക്കി കൊണ്ടുള്ള ഹൈക്കോടതി വിധി നേടിയ കിഴുത്താണി സ്വദേശിനി സോഫിയെ അഭിനന്ദിച്ച് തോമസ് ഉണ്ണിയാടൻ എംഎൽഎ

ഇരിങ്ങാലക്കുട: നിയമ പോരാട്ടത്തിലൂടെ കള്ളുഷാപ്പിലും സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള അവകാശം നേടിയെടുത്ത സോഫി സ്ത്രീകളുടെ അഭിമാനമാണ് പോരാടി നേടിയതെന്ന് തോമസ് ഉണ്ണിയാടൻ എം എൽ എ പറഞ്ഞു. ഹൈക്കോടതി വിധിയെ തുടർന്ന് പൊഞ്ഞനം ഷാപ്പിൽ ജോലിക്ക് കയറുന്ന കിഴുത്താണി കിട്ടൻ വീട്ടിൽ കുഞ്ഞിപ്പാലുവിന്റെ ഭാര്യ സോഫിയെ അഭിനന്ദിക്കുകയായിരുന്നു അദ്ദേഹം.ഭർത്താവ് കുഞ്ഞിപ്പാലു ഹൃദ്രോഗം ബാധിച്ച് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനം കിട്ടുന്നതിനായി അപേക്ഷ നൽകിയെങ്കിലും ഒരു തൊഴിലാളി സംഘടനയുടെ എതിർപ്പും 2002 ലെ അബ്കാരി ചട്ടവും കാരണം ജോലി ലഭിച്ചില്ല. ഇതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് സോഫിക്ക് നിയമനം ലഭിച്ചത്. ഇതോടെ നിയമനം കാത്തിരിക്കുന്ന നൂറോളം സ്ത്രീകൾക്കും കള്ളുഷാപ്പുകളിൽ ജോലി ലഭിക്കും.
കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് സജീവൻ പോട്ടയിൽ, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് ബിജോയ് നെല്ലിപ്പറമ്പിൽ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.




