ആന്ധ്ര തീരത്തേക്ക് ‘മുരശ്’ തീവ്രചുഴലിക്കാറ്റായി അടുത്തു കൊണ്ടിരിക്കുന്നു: തമിഴ്നാട്ടിലും തെലങ്കാനയിലും കനത്ത ജാഗ്രത, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Cyclone Murasu

Current: മലയാളം

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മുരശ്’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് നവംബർ 2 തിങ്കളാഴ്ച അർദ്ധരാത്രിയോ നവംബർ 3 ചൊവ്വാഴ്ച പുലർച്ചെയോ ആന്ധ്രാപ്രദേശിലെ ഓംഗോളിന് സമീപം (നെല്ലൂരിനും നർസാപൂരിനും ഇടയിൽ) കരതൊടുമെന്നാണ് പ്രവചനം. കരതൊടുമ്പോൾ മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചിലപ്പോൾ 120 കിലോമീറ്റർ വരെയുമുള്ള വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം.(Cyclone Murasu Intensifies Into Severe Cyclonic Storm AP And TN On High Alert)
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഉണ്ടായ കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ ചെന്നൈ, തിരുവള്ളൂർ ഉൾപ്പെടെയുള്ള പ്രധാന ജില്ലകളിലെ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈ കോർപ്പറേഷൻ കമ്മീഷണർ ജി.എസ്. സമീരന്റെ നേതൃത്വത്തിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും ബക്കിംഗ്ഹാം കനാലും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അതേസമയം, തെലങ്കാനയിലെ ആറ് ജില്ലകളിൽ കനത്ത മഴ കണക്കിലെടുത്ത് ‘ഓറഞ്ച്’ അലർട്ടും അഞ്ച് ജില്ലകളിൽ ‘യെല്ലോ’ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയുള്ള ആന്ധ്രാപ്രദേശിൽ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കൃഷ്ണ, ബാപട്ല, ഗുണ്ടൂർ, നെല്ലൂർ, പ്രകാശം, തിരുപ്പതി തുടങ്ങിയ വിവിധ ജില്ലകളിലായി ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളുടെ 13 ടീമുകളെ വിന്യസിച്ചിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപനം ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്ക് ആന്ധ്ര സർക്കാർ തമിഴ്നാടിന്റെയും കർണാടകയുടെയും സഹായം തേടിയിട്ടുണ്ട്.
Story Summary
Cyclone Murasu has intensified into a Severe Cyclonic Storm over the Bay of Bengal and is expected to make landfall near Ongole in Andhra Pradesh with wind speeds up to 120 kmph. Heavy rainfall has prompted school closures in Tamil Nadu districts including Chennai, while warning alerts have been issued across Telangana. Emergency response teams (NDRF & SDRF) have been deployed across vulnerable Andhra Pradesh districts for rescue and relief operations.





