“മാറിമാറി മർദ്ദിച്ചു, കൈകൊണ്ടും ബെൽറ്റുകൊണ്ടും ശ്വാസംമുട്ടിച്ചു കൊന്നു”: ശ്രീകാര്യം അഭിറാം വധക്കേസിൽ ഞെട്ടിക്കുന്ന ക്രൂരത വെളിപ്പെടുത്തി പോലീസ് | Sreekaryam Abhiram murder

Current: മലയാളം

തിരുവനന്തപുരം: ശ്രീകാര്യത്ത് അഭിരാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ് (Sreekaryam Abhiram murder). ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും മൂന്നാം പ്രതിക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും സിറ്റി പൊലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ പറഞ്ഞു. പ്രതികൾ മാറിമാറി മർദിച്ചശേഷം ഒരാൾ കൈകൊണ്ടും മറ്റൊരാൾ ബെൽറ്റുകൊണ്ടും ശ്വാസംമുട്ടിച്ചാണ് അഭിരാമിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കേസിന്റെ ഗൗരവവും സെൻസിറ്റിവിറ്റിയും കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശ്രീകാര്യം സിഐയുടെ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണ് ഇനി അന്വേഷണം നടത്തുക. കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായും കമ്മീഷണർ അറിയിച്ചു. മൂന്നാം പ്രതിക്ക് കൊലപാതകത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.
ഒന്നാം പ്രതി പ്രായപൂർത്തിയാകാത്തയാൾ
ഒന്നാം പ്രതി പ്രായപൂർത്തിയാകാത്തയാളായതിനാൽ പേര് വിവരങ്ങൾ വെളിപ്പെടുത്താനാകില്ല. രണ്ടാം പ്രതിയായ ഉമർ അബ്ദുല്ല കാപ്പ, മോഷണം തുടങ്ങിയ കേസുകളിൽ മുമ്പും പ്രതിയായിട്ടുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു.
കൊലപാതകം നടന്ന സ്ഥലത്ത് ഒന്നാം പ്രതിയും അഭിരാമും എത്തുന്നതിന് മുമ്പുതന്നെ രണ്ടാം പ്രതി ഉമർ അവിടെ എത്തിയിരുന്നു. പെൺകുട്ടിയുടെ അറിവോടെയും സാന്നിധ്യത്തിലുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കമ്മീഷണർ പറഞ്ഞു.
തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വസ്ത്രങ്ങളും ഫോണും ഉപേക്ഷിച്ചെന്ന കാര്യത്തിൽ പ്രതികൾ നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. അന്വേഷണത്തെ വഴിതെറ്റിക്കുന്ന തരത്തിലാണ് പ്രതികൾ മൊഴി നൽകുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
പൊലീസിന്റെ നടപടിക്രമങ്ങൾ വിശദീകരിച്ച് കമ്മീഷണർ
അഭിരാമിന്റെ പിതാവ് പൊലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളിലും കമ്മീഷണർ വിശദീകരണം നൽകി. ഞായറാഴ്ച രാത്രി 10.52നാണ് കുടുംബം പരാതിയുമായി ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെത്തിയത്. ഉടൻതന്നെ വിവരം കൺട്രോൾ റൂമിൽ അറിയിച്ചു.
രാത്രി 11.15ഓടെ എഎസ്ഐ സ്ഥലത്തെത്തി. തുടർന്ന് അർധരാത്രിയോടെ കുട്ടിയുടെ അവസാന ടവർ ലൊക്കേഷൻ മൺവിളയിലാണെന്ന് കണ്ടെത്തി. പുലർച്ചെ മൂന്ന് മണിയോടെ പൊലീസ് ഒന്നാം പ്രതിയുടെ വീട്ടിലെത്തി. 3.15ന് കുട്ടിയെ സ്റ്റേഷനിലെത്തിച്ചു.
മുമ്പ് മോഷണക്കേസിൽ പ്രതിയായിരുന്ന കുട്ടിയാണെന്ന് സ്റ്റേഷനിലെ ഒരു പൊലീസുകാരൻ തിരിച്ചറിഞ്ഞു. പ്രായപൂർത്തിയാകാത്തയാളായതിനാൽ സ്റ്റേഷനു പുറത്തുനിർത്തിയ കുട്ടിയെ പുലർച്ചെ നാലുമണിയോടെ പിതാവിനൊപ്പം വീട്ടിലേക്ക് അയച്ചു. രാവിലെ 10 മണിക്ക് വീണ്ടും സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നുവെന്നും കമ്മീഷണർ പറഞ്ഞു.
ഈ സമയത്താണ് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഒന്നാം പ്രതി ഉപയോഗിക്കുന്നതായി പൊലീസിന് മനസ്സിലായതെന്നും അദ്ദേഹം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
Story Summary:
Police Commissioner Arul B. Krishna said two accused jointly murdered Abhiram in Sreekaryam by assaulting and suffocating him, while a third accused allegedly knew about the crime. A 16-member special investigation team led by the Sreekaryam CI will probe the case. The commissioner also detailed the police response after the family reported Abhiram missing and addressed allegations raised by the victim’s father.




