കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കവർച്ചാ ശ്രമം; പിന്തുടർന്ന് നാലുപേരെ പിടികൂടി പൊലീസ് | Calicut Airport gold snatching attempt

Current: മലയാളം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് ലക്ഷ്യമിട്ടെത്തിയ കവർച്ചാസംഘത്തിന്റെ നീക്കം പൊലീസ് പൊളിച്ചു (Calicut Airport gold snatching attempt). ദുബായിൽനിന്ന് 18 പവൻ സ്വർണവുമായി എത്തിയ യുവതിയെയും സ്വർണം കൈപ്പറ്റാനെത്തിയ യുവാവിനെയും ഉൾപ്പെടുത്തി നീങ്ങിയ സംഘത്തെ സാഹസികമായി പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. കണ്ണൂർ സ്വദേശികളായ മൂന്നുപേരും മട്ടന്നൂർ സ്വദേശിയായ ഒരാളുമാണ് പിടിയിലായത്.
ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. സ്വർണവുമായി വിമാനത്താവളത്തിലെത്തിയ യുവതിയുമായി നീല ബൊലേറോ കാർ അന്താരാഷ്ട്ര ടെർമിനൽ പരിസരത്തുനിന്ന് പുറത്തേക്ക് പാഞ്ഞു. സ്വർണം കൈപ്പറ്റാനെത്തിയ യുവാവ് കാറിന് പിന്നാലെ ഓടുന്നതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
തിങ്കളാഴ്ച നടന്ന കവർച്ചാ കേസിന്റെ അന്വേഷണത്തിനും വിമാനത്താവളത്തിലെ പട്രോളിങ്ങിനുമായി എത്തിയ കരിപ്പൂർ എസ്.എച്ച്.ഒയും സംഘവും ഉടൻ നടപടി സ്വീകരിച്ചു. സ്റ്റേഷൻ വാഹനത്തിലും ബൈക്കുകളിലുമായി പൊലീസ് കാറിനെ പിന്തുടർന്നു. വിമാനത്താവളത്തിൽനിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ പുളിക്കൽ ആന്തിയൂർക്കുന്ന് റോഡിലേക്ക് തിരിഞ്ഞ കാറിനെ പിന്തുടർന്ന് തടഞ്ഞുനിർത്തുകയായിരുന്നു.
സംഘത്തെ കീഴ്പ്പെടുത്താൻ നാട്ടുകാരും പൊലീസിനെ സഹായിച്ചു. ബലം പ്രയോഗിച്ചാണ് പ്രതികളെ പിടികൂടിയത്.
കണ്ണൂർ സ്വദേശികളായ മൂന്നുപേർ പിടിയിൽ
കണ്ണൂർ സ്വദേശികളായ ശ്രീലാൽ, പ്രിൻസ്, സുബിത്ത് എന്നിവരാണ് പിടിയിലായ മൂന്നുപേർ. സ്വർണം സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ മട്ടന്നൂർ ശിവപുരം സ്വദേശി ജാബിറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തലശ്ശേരി തിരുവങ്ങാട് സ്വദേശിനിയായ പ്രിയങ്ക (34) ആണ് ദുബായിൽനിന്ന് 18 പവൻ സ്വർണവുമായി എത്തിയത്. യാത്രക്കാരിയായ പ്രിയങ്കയുടെ പങ്കും പൊലീസ് പരിശോധിച്ചുവരികയാണ്.
നിരവധി കവർച്ചാക്കേസുകളിൽ മുമ്പും പ്രതികളായിട്ടുള്ളവരാണ് പിടിയിലായതെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. സ്വർണം കൈപ്പറ്റാനുള്ള നീക്കത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
എസ്.ഐ. ശൈലേഷ് കുമാർ, എ.എസ്.ഐ. റീന, എ.എസ്.ഐ. കബീർ, സി.പി.ഒ. റിഷാദ്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Story Summary:
Police foiled an alleged gold-snatching attempt near Calicut International Airport after chasing a blue Bolero car for around 12 km. Three men from Kannur and Jabir from Mattannur were apprehended. The incident involved Priyanka, a 34-year-old passenger from Thalassery who arrived from Dubai carrying 18 sovereigns of gold. Police are questioning the suspects and examining the passenger’s possible involvement.




