"> Skip to content
November 6, 2026
⌕

ആളൂരിൽ പഞ്ചായത്തംഗം മണ്ണ് കടത്തിയതായി പരാതി : ഇടതുമുന്നണി പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

November 5, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language: Current: മലയാളം

കല്ലേറ്റുംകര : ആളൂർ പഞ്ചായത്തിന്റെ കൈവശമുള്ള റോഡിലെ മണ്ണ് പഞ്ചായത്തംഗം അനധികൃതമായി കടത്തി കൊണ്ടുപോയതായി പരാതി. സംഭവത്തിൽ പ്രതിഷേധവുമായി ഇടതു മുന്നണി പ്രവർത്തകർ രംഗത്തെത്തി.

കുറ്റക്കാരനായ ജനപ്രതിനിധിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പോലീസിൽ പരാതി നൽകണമെന്നും ആവശ്യപ്പെട്ട് എൽ ഡി എഫ് ആളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ധർണ്ണക്ക് ശേഷം എൽ ഡി എഫ് ജനപ്രതിനിധികൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.

12-ാം വാർഡ് കോൺഗ്രസ് പഞ്ചായത്തംഗത്തിന് എതിരെയാണ് മണ്ണ് കടത്തിയതായി ആരോപണം ഉയർന്നിട്ടുള്ളത്. പഞ്ചായത്ത് റോഡിലെ മണ്ണ് അനുമതിയില്ലാതെ സ്വന്തം പുരയിടത്തിലേക്ക് കടത്തുകയായിരുന്നു എന്ന് ഇടതുമുന്നണി പ്രവർത്തകർ ആരോപിച്ചു. സംഭവത്തെ കുറിച്ച് നാട്ടുകാർ അന്വേഷിച്ച് എത്തിയതോടെ മണ്ണ് നിരപ്പാക്കുകയും, സമീപത്തെ പഞ്ചായത്ത് ജലാശയത്തിലേക്ക് നിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി.

റോഡിലെ മണ്ണ് നഷ്ടപ്പെട്ടതായി പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് ലഭിച്ചിട്ടും മണ്ണ് മോഷണത്തിനെതിരെ പോലീസിൽ പരാതി നൽകാനോ മറ്റു നിയമ നടപടികൾ സ്വീകരിക്കാനോ പഞ്ചായത്ത് സെക്രട്ടറി തയ്യാറായില്ലെന്ന് എൽഡിഎഫ് ആരോപിക്കുന്നു.

ഇതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് അംഗങ്ങളായ എം.സി.ഷാജു, ഐ.എൻ.ബാബു, ജുമൈല സഗീർ, ബിന്ദു ഷാജു, ജിനി പോൾ എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിയുടെ മുറി ഉപരോധിച്ചത്. രാവിലെ ആരംഭിച്ച ഉപരോധ സമരം വൈകീട്ട് അഞ്ചു മണിയോടെ ആളൂർ പോലീസ് എത്തി അറസ്റ്റ് ചെയ്തതു വരെ നീണ്ടു.

സി.പി.ഐ. (എം) മാള ഏരിയ സെക്രട്ടറി ടി.കെ. സന്തോഷ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.

എൽ.ഡി.എഫ്. പഞ്ചായത്ത് കൺവീനർ എം. ബി. ലത്തീഫ് അധ്യക്ഷത വഹിച്ചു.

യു.കെ.പ്രഭാകരൻ, ടി.സി.അർജുനൻ, കെ.ആർ. ജോജോ, യു.എസ്.ശശിധരൻ, എ.ആർ. ഡേവിസ്, എം.സി.സന്ദീപ്, അഡ്വ.പാപ്പച്ചൻ വാഴപ്പള്ളി എന്നിവർ പ്രസംഗിച്ചു.

Get more updates from Pudukad News on Google