കാർ വൈദ്യുത പോസ്റ്റിലിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

Current: മലയാളം
ഗുരുവായൂർ : ചൂണ്ടൽ പാറപ്പുറം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം അമിതവേഗതയിലെത്തിയ കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്ന് വൈകിട്ട് 5.30-ഓടെയായിരുന്നു സംഭവം.
കേച്ചേരി ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറിയത്. കാർ ഇടിച്ചതിനെത്തുടർന്ന് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് ബൈക്ക് റോഡിൽ മറിഞ്ഞുവീഴുകയും യാത്രികൻ കാറിനടിയിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ബൈക്കിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തെത്തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ കുന്നംകുളം പോലീസ് നടപടികൾ സ്വീകരിച്ചു.











