“വീടിന്റെ മുകളിൽ നിന്ന് വീണതാണെന്ന് രണ്ടാനച്ഛൻ, മുഖത്ത് രക്തം കല്ലിച്ച പാടുകൾ”: പെരുമ്പാവൂരിൽ 3 വയസ്സുകാരന്റെ മരണത്തിൽ കൊലപാതക സംശയം | Perumbavoor Child Death

Current: മലയാളം

കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിൽ കൊലപാതകമെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ് (Perumbavoor Child Death). സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രണ്ടാനച്ഛനെ പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളും അയൽവാസികളുടെ മൊഴികളുമാണ് സംഭവത്തിൽ ദുരൂഹത ഉയർത്തിയത്.
ബുധനാഴ്ച രാവിലെ കുട്ടിയെ വീട്ടിൽ കണ്ടിരുന്നുവെന്നും പിന്നീട് പുറത്തേക്ക് കണ്ടിട്ടില്ലെന്നും പരിസരവാസികൾ പൊലീസിനോട് പറഞ്ഞു.
വീടിന്റെ മുകളിൽനിന്ന് വീണെന്ന് രണ്ടാനച്ഛന്റെ മൊഴി
വീടിന്റെ മുകളിൽനിന്ന് വീണ് പരിക്കേറ്റുവെന്ന് പറഞ്ഞാണ് രണ്ടാനച്ഛൻ കുട്ടിയെ രാവിലെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ ഉച്ചയോടെ കുട്ടി മരിച്ചു.
തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്കായി പെരുമ്പാവൂർ പൊലീസ് കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി. ഇതിനിടെയാണ് കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ കണ്ടെത്തിയത്. വീടിന്റെ മുകളിൽനിന്ന് വീണാണ് പരിക്കേറ്റതെന്ന മൊഴി രണ്ടാനച്ഛൻ ആവർത്തിച്ചെങ്കിലും പൊലീസിന് സംശയം തോന്നുകയായിരുന്നു.
കുട്ടിയെ മർദിച്ചിരുന്നതായി അയൽവാസികളുടെ മൊഴി
തുടർന്ന് പൊലീസ് വീടിന്റെ പരിസരത്തുള്ളവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. രണ്ടാനച്ഛൻ കുട്ടിയെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ മൊഴി നൽകിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സംഭവം സ്വാഭാവിക അപകടമരണമല്ലെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയ്ക്കുശേഷമേ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ എന്ന് പൊലീസ് അറിയിച്ചു.
Story Summary:
Police suspect foul play in the death of a three-year-old child in Perumbavoor, Ernakulam. The child’s stepfather, who reportedly brought the child to hospital claiming injuries from a fall, has been taken into custody. Neighbours allegedly told police that he frequently assaulted the child. The exact cause of death is yet to be confirmed through the postmortem examination.











