ഗുരുവായൂർ ചെമ്പൈ സംഗീതാർച്ചനയ്ക്ക് തുടക്കമായി

Current: മലയാളം
ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയുടെ ഭാഗമായ ചെമ്പൈ സംഗീതോത്സവത്തിൽ സംഗീതാർച്ചനകൾക്ക് ഭക്തിസാന്ദ്രമായ തുടക്കം. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ശ്രീലകത്തുനിന്ന് കൊളുത്തിക്കൊണ്ടുവന്ന ദീപം സംഗീത മണ്ഡപത്തിലെ നിലവിളക്കിൽ തിരി തെളിച്ചതോടെയാണ് 15 ദിവസം നീണ്ടുനിൽക്കുന്ന സംഗീതാർച്ചനയ്ക്ക് തുടക്കമായത്.
ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, സംഗീതോത്സവ സബ് കമ്മിറ്റി കൺവീനർ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സന്നിഹിതരായി.തുടർന്ന് ക്ഷേത്രം അടിയന്തിര വാദ്യക്കാരായ അഖിൽ മാവേലിക്കര, സുഭാഷ് കോട്ടപ്പുറം, സതീഷ് കരിയന്നൂർ, ശിവശങ്കരൻ, വിഷ്ണു, നവനീത്, കൃഷ്ണദാസ് എന്നിവർ ചേർന്ന് മംഗളവാദ്യം മുഴക്കി.
തുടർന്ന് ചെമ്പൈ സംഗീതോത്സവം സബ് കമ്മിറ്റി അംഗങ്ങളുടെ ഗണപതി സ്തുതി.ചേപ്പാട് വാമനൻ നമ്പൂതിരി, ആനയടി പ്രസാദ്, ഡോ. ഗുരുവായൂർ മണികണ്ഠൻ ,തിരുവിഴ ശിവാനന്ദൻ, ചെമ്പൈ സുരേഷ്, വിദ്യാധരൻ മാസ്റ്റർ ,വൈക്കം വേണുഗോപാൽ, എന്നിവർ ചേർന്ന് മുത്തുസ്വാമി ദീക്ഷിതരുടെ പ്രസിദ്ധമായ ‘വാതാപി ഗണപതിം’ എന്ന കീർത്തനമാണ് ആലപിച്ചത്.. ഈശ്വര വർമ്മ വയലിനിലും എൻ. ഹരി മൃദംഗത്തിലും അകമ്പടിയേകി.
ഇതിനു പിന്നാലെ പ്രവ്യ എന്ന കലാകാരിയുടെ സംഗീതാർച്ചനയോടെ തുടർച്ചയായ കച്ചേരികൾക്ക് അരങ്ങുണർന്നു. വരും ദിവസങ്ങളിൽ പ്രശസ്തരായ സംഗീതജ്ഞരും യുവ സംഗീതകാരൻമാരും ശ്രീ ഗുരുവായൂരപ്പന് മുന്നിൽ ഗാനാർച്ചന നടത്തും.











