കണ്ണൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് രണ്ടാം നിലയിൽ, സംഭവസ്ഥലത്തുനിന്ന് കത്തി കണ്ടെടുത്തു
കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ അമ്മയും മകനും വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ. മട്ടന്നൂർ സ്വദേശി ജ്യോതിയും മകൻ നവീനുമാണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തുനിന്ന് പൊലീസ് ഒരു കത്തി കണ്ടെടുത്തു. കൊലപാതകമാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാവിലെ ക്ഷേത്രദർശനത്തിന് പോയിരുന്ന ജ്യോതിയുടെ ഭർത്താവ് ജയകൃഷ്ണൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ഇയാളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ വീട്ടിനുള്ളിൽനിന്ന് ചെറിയ തോതിൽ ശബ്ദകോലാഹലങ്ങൾ കേട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു. എന്നാൽ അമ്മയും മകനും തമ്മിലുള്ള സാധാരണ വഴക്കായിരിക്കുമെന്നാണ് ആദ്യം കരുതിയതെന്നും അവർ വ്യക്തമാക്കി.
നവീൻ സാധാരണയായി ഉച്ചത്തിൽ സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നുവെന്നും അതിനാൽ വീട്ടിൽനിന്ന് കേട്ട ശബ്ദങ്ങൾ അസ്വാഭാവികമായി തോന്നിയില്ലെന്നും അയൽവാസികൾ പറഞ്ഞു.
ജ്യോതിയും ഭർത്താവ് ജയകൃഷ്ണനും ഇളയമകൻ നവീനുമാണ് വീട്ടിൽ താമസിച്ചിരുന്നത്. റിട്ടയേർഡ് അധ്യാപികയാണ് ജ്യോതി. മൂത്ത മകൻ എറണാകുളത്താണ് ജോലി ചെയ്യുന്നത്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.




