Skip to content
November 11, 2026
⌕

വർക്കലയിൽ തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; ഓട്ടോ ഡ്രൈവറും പ്രദേശവാസിയും ചേർന്ന് മർദിച്ചു. സംഘർഷം സിസിടിവിയിൽ

November 10, 2026
Share this post to

വർക്കല: പാപനാശം വിനോദസഞ്ചാര മേഖലയിലെത്തിയ തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം. പാപനാശം ഹെലിപ്പാട് കൊച്ചുവിള ജംഗ്ഷനിൽ തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ഗതാഗതക്കുരുക്കിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ കയ്യേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്.

ഓട്ടോ ഡ്രൈവറും പ്രദേശവാസിയായ മറ്റൊരാളും ചേർന്ന് വിനോദസഞ്ചാരികളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വാൻ പെട്ടെന്ന് നിർത്തിയതോടെ ഓട്ടോ ഇടിക്കുമായിരുന്നുവെന്നാരോപിച്ചാണ് തർക്കം ആരംഭിച്ചത്.


വാനിന് പിന്നാലെയെത്തിയ ഓട്ടോ ഡ്രൈവർ പ്രകോപിതനായി വിനോദസഞ്ചാരികളുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ഇയാൾ സഞ്ചാരികളെ കയ്യേറ്റം ചെയ്തു. ഇതിനിടെ പ്രദേശവാസിയായ മറ്റൊരാളും ആക്രമണത്തിൽ പങ്കുചേർന്നു. ഇരുവരും ചേർന്ന് വിനോദസഞ്ചാരികളെ മർദിക്കുകയായിരുന്നു.


സ്ത്രീകൾ ഉൾപ്പെടെയുള്ളവരായിരുന്നു വിനോദസഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്നത്. ആക്രമണം പ്രതിരോധിക്കാൻ സംഘത്തിലുണ്ടായിരുന്ന യുവാക്കളും ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

സംഭവസമയത്ത് സ്ഥലത്ത് പൊലീസ് ഇല്ലാതിരുന്നതാണ് സംഘർഷം രൂക്ഷമാകാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.

Get more updates from Pudukad News on Google