Skip to content
November 11, 2026
⌕

ഐറിഷ് സര്‍ക്കാരിന് ആശ്വാസം…സുരക്ഷ ഇനി ആശങ്കയല്ല

November 11, 2026
Share this post to

ഡബ്ലിന്‍: ശമ്പളം, ഓവര്‍ടൈം പ്രതിഫലം, യാത്രാബത്ത തുടങ്ങിയ വിഷയങ്ങളില്‍ ഉന്നതങ്ങളില്‍ നിന്നും ഉറപ്പുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട ഉച്ചകോടി പരിപാടികള്‍ക്കിടെ ഗാര്‍ഡ നടത്താനിരുന്ന അഞ്ചുദിവസത്തെ വര്‍ക്ക് ടു റൂള്‍ സമരം പിന്‍വലിച്ചു.

ഗാര്‍ഡയുടെ സമരം പിന്‍വലിച്ചതോടെ ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ ആശങ്കയൊഴിഞ്ഞു. ഗാര്‍ഡ പ്രതിനിധി സംഘടനയായ ജിആര്‍എയും പൊലീസ് കമ്മിഷണര്‍ ജസ്റ്റിന്‍ കെല്ലിയും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇന്നുമുതല്‍ അഞ്ചുദിവസത്തേക്ക് നടത്താനിരുന്ന സമരം പിന്‍വലിക്കാന്‍ ജി ആര്‍ എ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

സംഘടനാ പ്രസിഡന്റ് നിയാല്‍ ഹോഡ്ജിന്‍സും ജനറല്‍ സെക്രട്ടറി റോണന്‍ സ്ലെവിനും കമ്മിഷണര്‍ ജസ്റ്റിന്‍ കെല്ലി, ഡെപ്യൂട്ടി കമ്മിഷണര്‍ പോള്‍ ക്ലിയറി എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്.ശമ്പളം, ഓവര്‍ടൈം വേതനം, യാത്രാബത്ത തുടങ്ങിയ വിഷയങ്ങളില്‍ ഗാര്‍ഡ മാനേജ്മെന്റ് ഉറപ്പു നല്‍കിയതായി സംഘടന അറിയിച്ചു.ദേശീയ താത്പ്പര്യം മുന്‍ നിര്‍ത്തി സമരം ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയും സര്‍ക്കാരില്‍ നിന്നുമുണ്ടായി.

ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ മേഖലയില്‍ ഈ ആഴ്ചയുള്ള ഔദ്യോഗിക യാത്രകള്‍ക്കുള്ള മൈലേജ്, ഡബ്ലിനിലെ സുരക്ഷാ ജോലികള്‍ക്കായി 100 കിലോമീറ്ററിലധികം യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഓവര്‍ടൈം എന്നിവയിലും ധാരണയായതായി ജി ആര്‍ എ വ്യക്തമാക്കി.

അതേസമയം, യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റി യോഗം നടക്കുന്ന നവംബര്‍ 12ന് പൊതുമേഖലാ ജീവനക്കാരുടെ പണിമുടക്ക് ഇതുവരെ മാറ്റി വെച്ചിട്ടില്ല. ഈ ആഴ്ച ഡബ്ലിന്‍, ഷാനന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ഇ യു പരിപാടികള്‍ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഗാര്‍ഡ ഉദ്യോഗസ്ഥരെ വിന്യസിക്കും.

അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ ഓപ്പറേഷനെന്നാണ് ഈ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്.ഒക്ടോബര്‍ 27ന് ജി ആര്‍ എ നടത്തിയ അംഗങ്ങളുടെ അഭിപ്രായ സര്‍വേയില്‍ ഭൂരിപക്ഷം ഗാര്‍ഡകളും വര്‍ക്ക് ടു റൂള്‍ നടപടിയെ പിന്തുണച്ചിരുന്നു.

Get more updates from Pudukad News on Google