“മോശമായി സ്പർശിച്ചത് ചോദ്യം ചെയ്ത 20-കാരിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ടു”: മുംബൈയിൽ യുവതിക്ക് ഇടതുകൈ നഷ്ടമായി, പ്രതി പിടിയിൽ | Mumbai local train incident

മുംബൈ: ട്രെയിനിൽ വെച്ച് മോശമായി സ്പർശിച്ചത് ചോദ്യം ചെയ്ത യുവതിയെ മധ്യവയസ്‌കൻ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിൽ നിന്ന് തള്ളിയിട്ടു. അപകടത്തിൽ 20 വയസ്സുകാരിക്ക് ഇടതുകൈ നഷ്ടമായി (Mumbai local train incident). മുംബൈയിലെ നയ്ഗാവ് റെയിൽവേ സ്റ്റേഷനിൽ നവംബർ നാലിനാണ് സംഭവം.
ബോറിവലിയിൽ നിന്ന് വിരാറിലേക്ക് പോകുകയായിരുന്ന ലോക്കൽ ട്രെയിനിൽ വെച്ചാണ് നയ്ഗാവ് സ്വദേശിയായ ജിതേന്ദ്ര ഗിർജപ്പ ഹിർമുഖെ (53) യുവതിയെ അനുചിതമായി സ്പർശിച്ചതെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. യുവതി ചെരിപ്പൂരി ഇയാളെ അടിച്ചതോടെ പ്രതിയും തിരിച്ചടിച്ചു. തുടർന്ന് നയ്ഗാവ് സ്റ്റേഷനിലെത്തിയപ്പോൾ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടെന്നാണ് പരാതിയിൽ പറയുന്നത്.
രണ്ട് കോച്ചുകൾക്കിടയിലെ ട്രാക്കിലേക്ക് വീണ യുവതി പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇടതുകൈ ട്രെയിനിന്റെ ചക്രങ്ങൾക്കിടയിൽപ്പെട്ടത്. തുടർന്ന് കൈമുട്ടിന് സമീപത്തുനിന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്നു. വീഴ്ചയിൽ തലയ്ക്കും പരിക്കേറ്റ യുവതിക്ക് 16 തുന്നലുകളും വേണ്ടിവന്നു.
പ്രതി അറസ്റ്റിൽ; വധശ്രമക്കുറ്റവും ചുമത്തി
സംഭവത്തിൽ ജിതേന്ദ്രയെ നവംബർ ഒമ്പതിന് പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 74, 117(2) വകുപ്പുകൾ പ്രകാരം ആദ്യം കേസെടുത്ത പൊലീസ് പിന്നീട് വധശ്രമവുമായി ബന്ധപ്പെട്ട 109-ാം വകുപ്പും കൂട്ടിച്ചേർത്തു.
ഫ്ലിപ്കാർട്ടിൽ ഡെലിവറി ജീവനക്കാരിയായി ജോലി ചെയ്തിരുന്ന യുവതി, ഇനി ഒരു കൈകൊണ്ട് എങ്ങനെ ജോലി ചെയ്യുമെന്നും നാല് വയസ്സുള്ള കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കുമെന്നും ആശങ്ക പങ്കുവെച്ചു. സംഭവത്തിൽ തനിക്ക് നീതി ലഭിക്കണമെന്നാണ് യുവതിയുടെ ആവശ്യം.
Story Summary:
A 20-year-old woman lost her left hand after being allegedly pushed from a moving local train in Mumbai’s Naigaon area. The incident reportedly followed an argument after she confronted a 53-year-old man for inappropriate touching. The accused was arrested on November 9, and police later added an attempted murder charge. The victim, a delivery worker and mother of a four-year-old child, has sought justice.




