പ്രവാസികളുടെ അവകാശങ്ങൾക്കായി ലോക പ്രവാസി ഐക്യവേദി; 140 മണ്ഡലങ്ങളിലും നിവേദനം നൽകും

പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ക്ഷേമവും ഉന്നമനവും ഉറപ്പാക്കുന്നതിനുമായി ലോകമെമ്പാടുമുള്ള പ്രവാസികളെ ഏകോപിപ്പിച്ച് ലോക പ്രവാസി ഐക്യവേദി പ്രവർത്തനം ആരംഭിച്ചു. നോർക്ക ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം വർധനവും പ്രവാസി ക്ഷേമ പെൻഷൻ കുടിശ്ശികയും പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ കേരള സർക്കാരിന്റെ ശ്രദ്ധയിൽ ശക്തമായി എത്തിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധവും ബോധവൽക്കരണവും സംഘടിപ്പിക്കും. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെയും എം.എൽ.എമാർക്കും ബന്ധപ്പെട്ട മന്ത്രിമാർക്കും ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകും. പ്രവാസി വിഷയങ്ങളിൽ ഇടപെടുന്ന സന്നദ്ധ സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും പിന്തുണയും ഉറപ്പാക്കും.
ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി പ്രവർത്തിക്കുന്ന കൂട്ടായ്മയ്ക്ക് വിവിധ മേഖലകളിൽനിന്ന് പിന്തുണ ലഭിച്ചുവരികയാണ്. റിയാദിലും വിവിധ ജിസിസി രാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മകളെയും സാമൂഹിക പ്രവർത്തകരെയും ഏകോപിപ്പിച്ച് പ്രവാസികളുടെ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് ലോക പ്രവാസി ഐക്യവേദി പ്രതിനിധി അബ്ദുൽ മജീദ് പൂളക്കാടി പറഞ്ഞു.
പ്രവാസികളുടെ ആവശ്യങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കുകയും അനുകൂല തീരുമാനങ്ങൾ ഉണ്ടാകുന്നതുവരെ ജനാധിപത്യപരമായ ഇടപെടലുകൾ തുടരുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ചർച്ചയിൽ ഡോ. അബ്ദുൽ ഖാദർ, സത്താർ ഒലിപ്പുഴ, മജീദ് തിരൂർ, ഗഫൂർ കൊയിലാണ്ടി, നിഹാസ് പാനൂർ, ശരീഫ് തട്ടത്താഴം എന്നിവർ പങ്കെടുത്തു.




