അധികാരമൊഴിയുന്നതിന് മുൻപ് ക്യൂബയിൽ സൈനിക ഇടപെടൽ നടത്താൻ സാധ്യതയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; ക്യൂബൻ സർക്കാരിനെതിരെ ഭരണമാറ്റം ലക്ഷ്യമിടുന്നതായി റേഡിയോ അഭിമുഖത്തിൽ വെളിപ്പെടുത്തൽ

വാഷിംഗ്ടണ്‍: തന്റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് ക്യൂബയില്‍ സൈനിക ബലം പ്രയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
യാഥാസ്ഥിതിക റേഡിയോ അവതാരകനായ ഹ്യൂ ഹെവിട്ടുമായുള്ള അഭിമുഖത്തിനിടയിലാണ് ക്യൂബയെ ‘സ്വതന്ത്രമാക്കാന്‍’ സൈനിക ഇടപെടലിന് മുതിരുമോ എന്ന ചോദ്യത്തിന് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.
താന്‍ സ്ഥാനമൊഴിയുന്നതിന് മുന്‍പ് ക്യൂബയിലെ കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ക്യൂബന്‍ വംശജനായ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലാറ്റിനമേരിക്കന്‍ രാജ്യമായ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ മാറ്റുന്നതിനെക്കുറിച്ച് ഇതിനുമുന്‍പും ട്രംപ് സൂചന നല്‍കിയിട്ടുണ്ടെങ്കിലും, ഇക്കാര്യത്തില്‍ ഒരു സമയപരിധി വ്യക്തമാക്കുന്നത് ഇതാദ്യമാണ്.
വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കുന്നതിന് ഉത്തരവിട്ടതിന് പിന്നാലെ ക്യൂബയ്ക്ക് മേല്‍ യു.എസ് എണ്ണ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നുവെന്നും, ഇത് രാജ്യത്തെ വൈദ്യുതി ഗ്രിഡ് തകരുന്നതിനും കടുത്ത മാനുഷിക പ്രതിസന്ധിക്കും കാരണമായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഫ്ലോറിഡയില്‍ തനിക്ക് വോട്ട് ചെയ്ത ക്യൂബന്‍-അമേരിക്കന്‍ ജനതയ്ക്ക് വേണ്ടിയാണ് താന്‍ ഈ സൈനിക നടപടി ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന ക്യൂബ ഇപ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണെന്നും രാജ്യത്ത് അടിസ്ഥാനപരമായ മാറ്റമാണ് യു.എസ് ആഗ്രഹിക്കുന്നതെന്നും സെപ്റ്റംബറില്‍ നടന്ന ഐക്യരാഷ്ട്രസഭ പൊതുസഭയിലും ഈ മാസം ആദ്യം നടന്ന വാര്‍ത്താസമ്മേളനത്തിലും ട്രംപ് ആവര്‍ത്തിച്ചിരുന്നു.




