ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരമായി തുടരുന്നു; എ.ക്യു.ഐ 403 ആയി ഉയർന്നു, സുരക്ഷിത പരിധിയുടെ നാലിരട്ടിയോളം പിഎം 2.5 സാന്ദ്രത രേഖപ്പെടുത്തി

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നതായി സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 403ല്‍ എത്തി ‘ഗുരുതര’ വിഭാഗത്തില്‍ തുടരുകയാണ്.
ഡല്‍ഹിയിലെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളില്‍ എ.ക്യു.ഐ നിലവാരം 400 കടന്നിട്ടുണ്ട്. ചാന്ദ്നി ചൗക്കില്‍ 480 ഉം, പഞ്ചാബി ബാഗില്‍ 458 ഉം, ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ 451 ഉം, ആനന്ദ് വിഹാറില്‍ 418 ഉം, അശോക് വിഹാറില്‍ 405 ഉം എന്നിങ്ങനെയാണ് വിവിധ പ്രദേശങ്ങളിലെ വായു നിലവാരം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയിലെ പിഎം 2.5 സാന്ദ്രത ഇരട്ടിയായി വര്‍ദ്ധിച്ച് വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ ക്യുബിക് മീറ്ററിന് 244 മൈക്രോഗ്രാമില്‍ എത്തിയതായി ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് രാജ്യത്ത് അനുവദനീയമായ 24 മണിക്കൂര്‍ സുരക്ഷിത പരിധിയായ 60 മൈക്രോഗ്രാമിന്റെ നാലിരട്ടിയാണ്. പ്രതികൂല കാലാവസ്ഥയും കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണ വസ്തുക്കള്‍ അന്തരീക്ഷത്തില്‍ തടഞ്ഞുനിര്‍ത്താന്‍ കാരണമായി.
ചൊവ്വാഴ്ച 1,400 മീറ്ററിലധികം ഉണ്ടായിരുന്ന അന്തരീക്ഷത്തിലെ മിക്സിംഗ് പാളി വ്യാഴാഴ്ച ഉച്ചയോടെ 400 മീറ്ററായി കുറയുകയും, മണിക്കൂറില്‍ 8 കിലോമീറ്റര്‍ വേഗതയില്‍ മാത്രം വീശിയടിച്ച കാറ്റ് മലിനീകരണം നീങ്ങുന്നതിന് തടസ്സമാവുകയും ചെയ്തു.
ഇതിനുപുറമെ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്ന പുക വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ സഹായത്തോടെ ഡല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് പരിസ്ഥിതി വിദഗ്ധര്‍ വ്യക്തമാക്കുന്നു.
വായുനിലവാരം അതീവ ഗുരുതരമായ സാഹചര്യത്തില്‍ ഡല്‍ഹി-എന്‍.സി.ആര് മേഖലയില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ മൂന്നാം ഘട്ട നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.




