ശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ എൽഐസി ഇൻഷുറൻസ് പരിരക്ഷ; തീർഥാടനത്തിനിടെ മരണം സംഭവിച്ചാൽ കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് എൽഐസിയുടെ 2 ലക്ഷം രൂപ ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഈ പദ്ധതിയിലൂടെ, തീർഥാടനത്തിനിടെ മരണപ്പെടുന്ന കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കും.
ശബരിമലയിലെ അരവണ പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. നിലവിൽ ശബരിമല അരവണയുടെ കാര്യത്തിൽ ആശങ്കയില്ലെന്നും വൃശ്ചികം 1ന് 50 ലക്ഷം ടിൻ അരവണ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അരവണ കൗണ്ടറുകളിൽ ക്യൂ ഒഴിവാക്കാൻ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
അരവണ പോസ്റ്റൽ സർവീസ് വഴിയും വീട്ടിലെത്തുമെന്നും ഡിജിറ്റൽ പേയ്മെൻ്റും ഉണ്ടാവുമെന്നും ഡിജിറ്റൽ പെയ്മെന്റിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുഖമ ദർശനം സാധ്യമാക്കുന്നതെല്ലാം ചെയ്തതായും നേരത്തെ ടെൻഡർ ചെയ്തതെല്ലാം പൂർത്തിയായതായും അദ്ദേഹം കൂട്ടിച്ചേർത്തു. നീലിമല പാതയിൽ 200 സ്‌റ്റീൽ ബഞ്ചുകൾ തയ്യാറാക്കി. നിലക്കലിൽ സൗകര്യം കൂട്ടി.
ജർമൻ പന്തലുകളിൽ 6000 പേർക്ക് സുഖമായി ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളം, കൂളർ സൗകര്യം പമ്പയിലും നിലക്കലിലും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




