Skip to content
November 15, 2026
⌕

എൽനിനോ ആരോഗ്യ അടിയന്തരാവസ്ഥയാകുമെന്ന് ലോകാരോഗ്യ സംഘടന; ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ ഇന്ത്യയും | El Nino health risks India

November 13, 2026
Share this post to

എൽനിനോ കാലാവസ്ഥാ പ്രതിഭാസം ആഗോളതലത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന (El Nino health risks India). ഇതിന്റെ ഭാഗമായി സംഘടന ഏറ്റവും ഉയർന്ന അടിയന്തര പ്രതികരണ വിഭാഗമായ ഗ്രേഡ് 3 പ്രഖ്യാപിച്ചു. കടുത്ത ചൂട്, വരൾച്ച, പകർച്ചവ്യാധികൾ, ഭക്ഷ്യക്ഷാമം, ആരോഗ്യസേവനങ്ങളിലെ തടസ്സങ്ങൾ എന്നിവയാണ് പ്രധാന ആശങ്കകൾ. നവംബർ രണ്ടിന് പുറത്തിറക്കിയ തന്ത്രപരമായ മുന്നൊരുക്ക-പ്രതികരണ പദ്ധതിയിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കിയത്.

2026 സെപ്റ്റംബർ അഞ്ചിന് പ്രസിദ്ധീകരിച്ച ആഗോള ആരോഗ്യ അപകടസാധ്യതാ വിലയിരുത്തലിൽ ഇന്ത്യയെ ഉയർന്നതോ അതീവ ഉയർന്നതോ ആയ അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണേഷ്യയിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയും കുറഞ്ഞ മഴയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ് എന്നിവയും മേഖലയിലെ അപകടസാധ്യതയുള്ള രാജ്യങ്ങളാണ്. എൽനിനോ നേരിട്ട് രോഗങ്ങൾക്ക് കാരണമാകുന്നില്ലെങ്കിലും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ രോഗവ്യാപനത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്ന് WHO ചൂണ്ടിക്കാട്ടുന്നു. കടുത്ത ചൂട് നിർജലീകരണം, ഹീറ്റ് എക്സോസ്റ്റ്ഷൻ, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകാം. ഹൃദയം, ശ്വാസകോശം, വൃക്ക, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവരെയും ഇത് കൂടുതൽ ബാധിക്കാം.

ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങളും ആശങ്കയിലുണ്ട്. മഴയിലും താപനിലയിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ കൊതുകുകളുടെ പ്രജനനത്തെയും രോഗവ്യാപനത്തെയും സ്വാധീനിക്കാം. ജലക്ഷാമം മൂലം വീടുകളിൽ വെള്ളം സംഭരിക്കുന്നത് ശരിയായ രീതിയിലല്ലെങ്കിൽ കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങളായി മാറാം. വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മലേറിയയും ആശങ്കയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മലിനജലവുമായി സമ്പർക്കമുണ്ടാകുന്നതിലൂടെ പകരുന്ന എലിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾക്കും സാധ്യതയുണ്ട്.

മഴ കുറയുന്നത് കൃഷിയെയും ഭക്ഷ്യലഭ്യതയെയും ബാധിക്കാം. ഇത് കുട്ടികളിലും ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും പോഷകാഹാരക്കുറവിനുള്ള സാധ്യത വർധിപ്പിക്കും. കടുത്ത കാലാവസ്ഥ ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനത്തെയും മരുന്നുകളുടെ വിതരണത്തെയും തടസ്സപ്പെടുത്താം. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവയ്ക്ക് തുടർച്ചയായി ചികിത്സ തേടുന്നവർക്കും ഇത് വെല്ലുവിളിയാകാം.
2026-ലെ തെക്കുപടിഞ്ഞാറൻ മൺസൂണിൽ സാധാരണയേക്കാൾ കുറഞ്ഞ മഴ ലഭിക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നതെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഓഗസ്റ്റിൽ പാർലമെന്റിനെ അറിയിച്ചിരുന്നു. ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴയാണ് പുതുക്കിയ പ്രവചനത്തിൽ കണക്കാക്കിയത്. മൺസൂൺ കാലത്ത് എൽനിനോ സാഹചര്യങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ എൽനിനോ ഉണ്ടാകുന്നതുകൊണ്ട് മാത്രം മൺസൂൺ പരാജയപ്പെടുമെന്ന് അർഥമില്ല. പ്രതിഭാസത്തിന്റെ തീവ്രത, സമയക്രമം, ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ഉൾപ്പെടെയുള്ള മറ്റ് കാലാവസ്ഥാ ഘടകങ്ങൾ എന്നിവയും ഇതിന്റെ സ്വാധീനത്തെ നിർണയിക്കും.

കുട്ടികൾ, ഗർഭിണികൾ, വയോധികർ, ഭിന്നശേഷിക്കാർ, നിലവിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവരെയാണ് കൂടുതൽ അപകടസാധ്യതയുള്ളവരായി WHO തിരിച്ചറിയുന്നത്. കർഷകത്തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയ പുറംജോലികളിൽ ഏർപ്പെടുന്നവരും കടുത്ത ചൂടിന് കൂടുതൽ വിധേയരാകാം. വരൾച്ച, ഭക്ഷ്യക്ഷാമം, ഉപജീവനമാർഗങ്ങളുടെ നഷ്ടം, കാലാവസ്ഥാ ദുരന്തങ്ങൾ എന്നിവ മാനസികാരോഗ്യത്തെയും ബാധിക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

രോഗനിരീക്ഷണവും മുന്നറിയിപ്പ് സംവിധാനങ്ങളും ശക്തിപ്പെടുത്തുക, ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക, ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ തയ്യാറെടുപ്പുകൾ നടത്തുക എന്നിവയാണ് WHO മുന്നോട്ടുവയ്ക്കുന്ന പ്രധാന നിർദേശങ്ങൾ. കാലാവസ്ഥാ വകുപ്പുകളും ആരോഗ്യവകുപ്പുകളും ദുരന്തനിവാരണ സംവിധാനങ്ങളും തമ്മിലുള്ള ഏകോപനവും ശക്തമാക്കണം. ഇന്ത്യയെ ഉയർന്ന അപകടസാധ്യതയുള്ള രാജ്യമായി വിലയിരുത്തിയ സാഹചര്യത്തിൽ ഡെങ്കിപ്പനി, മലേറിയ പ്രതിരോധം, സുരക്ഷിതമായ കുടിവെള്ളം, ചൂടിനെ നേരിടാനുള്ള ആരോഗ്യപദ്ധതികൾ എന്നിവയ്ക്ക് മുൻഗണന നൽകേണ്ടതുണ്ട്.

Summary: The WHO has activated its highest-level emergency response for El Nino, warning of growing health risks worldwide. India is among the countries facing high or very high risks, including extreme heat, dengue, leptospirosis, food insecurity and disruption of healthcare services. The WHO has called for stronger disease surveillance, early warning systems and climate-resilient healthcare preparedness.

Get more updates from Pudukad News on Google